തട്ടം വിവാദം: സി.പി.എം നേതാവിന്‍റേത് അസമയത്ത് പറഞ്ഞ അഭിപ്രായം -അബ്ദുസ്സമദ് പൂക്കോട്ടൂർ
text_fieldsമലപ്പുറം: തട്ടം വിഷയത്തിൽ സി.പി.എം നേതാവിന്‍റേത് അസമയത്ത് പറഞ്ഞ അഭിപ്രായമെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. മലപ്പുറത്ത് വിദ്യാഭ്യാസം വന്നപ്പോൾ തട്ടം കൈയൊഴിഞ്ഞു എന്നത് ശരിയല്ല, അത് അനവസരത്തിലുള്ള പ്രയോഗമാണ്. മാത്രമല്ല, അത് ശരിയായ രീതിയുമായില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആർക്കും ഏത് വസ്ത്രവും ധരിക്കാമെന്ന് സി.പി.എമ്മിന്‍റെ സെക്രട്ടറി പറഞ്ഞു. ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട് അങ്ങിനെ അല്ല. വസ്ത്ര സ്വാതന്ത്ര്യം എന്ന് പറയുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് എന്ന് പറയുമ്പോൾ ഞങ്ങൾക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെങ്കിലും മതപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ടേ പറ്റൂ. ഒരു പെൺകുട്ടി എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടുണ്ട്. അത് പൊളിച്ചെഴുതിക്കൊണ്ട് അവർക്ക് പോകാം, പക്ഷേ മതവിശ്വാസിക്ക് കഴിയില്ല. -അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്തെ പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം നേതാവ് കെ. അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിഷയത്തിൽ സി.പി.എമ്മിനെതിരെ രംഗത്തുവന്നിരുന്നു. ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് തട്ടം വിഷയത്തിൽ സി.പി.എം സ്വീകരിച്ചതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റെ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്ന് വലിയ വിപ്ലവമാക്കി പറഞ്ഞത് അതിശയം തന്നെയാണ്.
ഈ പറയുന്ന വസ്ത്രങ്ങൾ അഴിച്ചുവെച്ചിട്ടല്ല ഇതൊന്നും നേടിയത്. ശബരിമല ആയാലും ശരി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണ, വസ്ത്ര, വിശ്വാസമായാലും ശരി, വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.