അഭയ കേസ്: ഓരോ ഘട്ടത്തിലും വിചാരണ വൈകിപ്പിക്കാൻ പ്രതികളുടെ പാഴ്ശ്രമം
text_fieldsകൊച്ചി: അഭയ കേസിലെ വിചാരണ നീട്ടിവെപ്പിക്കാൻ അവസാന ഘട്ടങ്ങളിലും പ്രതികളുടെ ഭാഗത്തുനിന്ന് പാഴ്ശ്രമങ്ങളുണ്ടായി. തിരുവനന്തപുരത്തെ രൂക്ഷമായ കോവിഡ് വ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണ നടപടികൾ തടയണെമന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈകോടതിയെ സമീപിച്ചത് വിചാരണ ആരംഭിക്കാനിരിക്കുന്നതിെൻറ തൊട്ടുമുമ്പാണ്. ഹരജി വന്നയുടൻ രണ്ടാഴ്ചത്തേക്ക് വിചാരണ സ്റ്റേ ചെയ്തെങ്കിലും പിന്നീട് തള്ളി. ഇതിന് മുമ്പും പലപ്പോഴായി കേസിലെ ഒാരോ നടപടിയും വൈകിപ്പിക്കാൻ ശ്രമം പ്രതികളിൽനിന്നുണ്ടായിരുന്നു.
70നുമേൽ പ്രായമുള്ള തങ്ങൾക്കും പ്രായക്കൂടുതലുള്ള അഭിഭാഷകർക്കും വിചാരണക്കായി തിരുവനന്തപുരത്തെത്താനും മടങ്ങാനും ബുദ്ധിമുട്ടുണ്ടെന്നായിരുന്നു വിചാരണ നീട്ടാൻ പ്രതികൾ ഉന്നയിച്ച കാരണം. എന്നാൽ, കോവിഡിെൻറ പേരിൽ വിചാരണ നീട്ടേണ്ടതില്ലെന്നും വിഡിയോ കോൺഫറൻസിങ് മുഖേന നടത്താൻ 48 മണിക്കൂറിനുള്ളിൽ സൗകര്യമൊരുക്കണമെന്നുമുള്ള സി.ബി.ഐയുടെ വിശദീകരണം മുഖവിലക്കെടുത്ത സിംഗിൾ ബെഞ്ച് ഉത്തരവോടെ ഈ ശ്രമം പാഴായി.
ഇപ്പോഴെങ്കിലും വിധി പുറപ്പെടുവിക്കാൻ കാരണമായത് ഈ ഉത്തരവാണ്. വിചാരണ നേരിടുന്നതിൽനിന്ന് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി ഒഴിവാക്കിയതിന് പിന്നാലെ തങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും 2018 മാർച്ചിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രതിസ്ഥാനത്തുനിന്ന് ജോസ് പൂതൃക്കയിലിനെ കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്ത് ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയും കോടതി ഇതോടൊപ്പം പരിഗണിച്ചു. എന്നാൽ, ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്നും ഫാ. ജോസ് പൂതൃക്കയിലിനെ ഒഴിവാക്കിയതിൽ തെറ്റില്ലെന്നുമുള്ള ഉത്തരവ് 2019 ഏപ്രിൽ ഒമ്പതിന് ഹൈകോടതി പുറപ്പെടുവിച്ചു. തുടർന്നാണ് വിചാരണ നടപടികൾക്ക് ജീവൻ വെച്ചത്.
തെളിവുകൾ നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി ഉത്തരവ് ൈഹകോടതി ആദ്യം സ്റ്റേ ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മൈക്കിൾ പ്രതിസ്ഥാനത്തുനിന്ന് ഒഴിവായത്. വിചാരണ വേളയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ പ്രതിയാക്കാവുന്നതാണെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് ഒരു ഘട്ടത്തിലും ഇയാൾ പ്രതിയായില്ല.
പ്രതികളെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിചാരണ കോടതി വിസ്തരിക്കുന്നത് ചോദ്യം ചെയ്തും കഴിഞ്ഞ ഡിസംബറിൽ പ്രതികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇവരെ വിസ്തരിക്കേണ്ടതില്ലെന്ന ഉത്തരവ് ഹൈകോടതിയിൽ നിന്നുണ്ടാവുകയും ചെയ്തു. സി.ബി.ഐ കോടതിയുടെ ഓരോ ഉത്തരവിനും പിന്നാലെ പ്രതികളും മറ്റുള്ളവരും ഹൈകോടതിയിലേക്കെത്തുന്ന സ്ഥിതിവിശേഷം കൊണ്ട് ശ്രദ്ധേയമായിരുന്നു അഭയ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.