അഭയ കേസ്: നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ പത്ത് വരെ വിസ്തരിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിചാരണ കോടതി വിസ്തരിക്കുന്നത് ഹൈകോടതി ഡിസംബർ പത്ത് വരെ തടഞ്ഞു. ഡോക്ടർമാരുടെ സാക്ഷി വിസ്താരത്തിനെതിരെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്. ഇൗ ആവശ്യമുന്നയിച്ച് പ്രതികൾ നൽകിയ ഹരജി തിരുവനന്തപുരം സി.ബി.െഎ സ്പെഷൽ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
2007ൽ നാർക്കോ അനാലിസിസ് നടത്തിയ ഡോ. എൻ. കൃഷ്ണവേണി, ഡോ. പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ സി.ബി.ഐ കോടതി നോട്ടീസ് അയച്ചതിനെതിരെ വിചാരണ കോടതിയെ സമീപിച്ചതായി ഹരജിയിൽ പറയുന്നു. വിസ്താരം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സി.ബി.ഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഡോക്ടർമാരെ കോടതി വിസ്തരിക്കുന്ന വേളയിൽ ഇവരുടെ മൊഴിയിലൂടെ പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിക്കുന്ന കാര്യം അപ്രസക്തമാണെന്ന് പ്രതികൾക്ക് ചൂണ്ടിക്കാട്ടാമെന്ന നിരീക്ഷണത്തോടെ ഹരജി തള്ളുകയായിരുന്നു. ഇത് തെറ്റായ തീരുമാനമാണെന്നാണ് ഹൈകോടതിയിൽ നൽകിയ ഹരജിയിലെ വാദം.
പ്രതികളുടെ സമ്മതത്തോടെ നാർക്കോ അനാലിസിസ് നടത്തിയാലും വെളിപ്പെടുന്ന കാര്യങ്ങൾ തെളിവായി ഉപേയാഗിക്കാനാവില്ലെന്നും പുതിയ വിവരങ്ങളോ വസ്തുതകളോ ആയി മാത്രമേ അവ സ്വീകരിക്കാനാവൂവെന്നും സുപ്രീംകോടതി ഉത്തരവുള്ളതായി ഹരജിയിൽ പറയുന്നു. ഡോക്ടർമാരെ വിസ്തരിക്കാൻ അനുവദിച്ചാൽ സ്വീകാര്യമല്ലാത്ത തെളിവുകൾ രേഖകളിലെത്തും. ഇത് കോടതിക്ക് മുൻവിധിയുണ്ടാക്കാൻ കാരണമാകുമെന്നും ന്യായ വിചാരണക്ക് തടസ്സമാകുമെന്നുമാണ് ഹരജിയിലെ ആരോപണം. ഇതിനെ തുടർന്നാണ് വിസ്താരം താൽക്കാലികമായി തടഞ്ഞത്.
കേസിലെ മൂന്ന് പ്രതികളെയും നാർക്കോ അനാലിസിസിന് വിധേയരാക്കിയെങ്കിലും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന കാരണത്താൽ വിചാരണ കോടതി വെറുതെവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.