അഭയ കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി; സിസ്റ്റര്‍ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും ജാമ്യം
text_fieldsകൊച്ചി: അഭയ കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്‍റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത്, പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്.
മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ഹരജി നൽകിയത്.
കോട്ടയം പയസ് ടെൻത് കോൺവെൻറ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡിസംബർ 23ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കേസിലെ പ്രതികളായ രണ്ടുപേരെയും ഒരുമിച്ച് കണ്ടതായി തെളിവില്ലെന്നും അഭയയുമായി സംസാരിച്ചതിനും തെളിവില്ലെന്നും വാദിച്ച പ്രതികൾ സാക്ഷിമൊഴിയുടെ മാത്രം ബലത്തിലാണ് ശിക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. സിസ്റ്റർ സെഫി കന്യാചർമം പിടിപ്പിക്കുന്നതുമായ ശസ്ത്രക്രിയ നടത്തി എന്നതിനും കൃത്യമായ തെളിവില്ലെന്നും മതിയായ തെളിവില്ലാതെയാണ് ശിക്ഷിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.