ആദ്യം മൊഴി മാറ്റിയത് കോൺവെന്‍റിലെ അന്തേവാസി സിസ്റ്റർ അനുപമ
text_fieldsതിരുവനന്തപുരം: 27 വർഷത്തിന് ശേഷം സിസ്റ്റർ അഭയ കൊലക്കേസിന്‍റെ വിചാരണ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിച്ചപ്പോൾ ആദ്യം കൂറുമാറിയത് പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന സിസ്റ്റർ അനുപമ മാത്തൂർ. അഭയക്കൊപ്പം കോൺവെന്‍റിലെ അന്തേവാസിയുമായിരുന്നു സിസ്റ്റർ അനുപമ.
ഒന്നും രണ്ടും സാക്ഷികളായ സിസ്റ്റർ ലിസ്‌വി, അഭയയുടെ പിതാവ് തോമസ് എന്നിവർ മരിച്ച സാഹചര്യത്തിലാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി പ്രത്യേക കോടതി വിസ്തരിച്ചത്. എന്നാൽ, അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായ മൊഴിയാണ് കോടതിയിൽ സിസ്റ്റർ അനുപമ നൽകിയത്.
അഭയ കൊല്ലപ്പെടുന്നതിന് തലേദിവസം കോൺവെന്‍റിലെ അന്തേവാസികളായ കന്യാസ്ത്രീകളുമൊത്ത് നാഗമ്പടത്ത് ബൈബിൾ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. രാത്രി ഒമ്പതോടെയാണ് തിരികെ കോൺവെന്‍റിൽ എത്തിയത്. സംഭവ ദിവസം രാവിലെ നാലിന് അഭയ തന്റെ റൂമിൽ വന്ന് പഠിക്കാൻ തട്ടിവിളിച്ചിരുന്നു. പുലർച്ചെ താൻ പഠിച്ചു കൊണ്ടിരുന്ന സമയം കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ടുവെന്നുമാണ് സിസ്റ്റർ അനുപമ മൊഴി നൽകിയത്.
എന്നാൽ, അഭയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കിണറിെൻറ പരിസരത്ത് ചെരിപ്പുകളും ശിരോവസ്ത്രങ്ങളും കണ്ടെത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ഇവർ നേരത്തേ മൊഴി നൽകിയത്. വിചാരണ ആരംഭിച്ചപ്പോൾ തന്നെ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സി.ബി.െഎ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, സാക്ഷി കൂറുമാറിയതായി സി.ബി.ഐ കോടതി പ്രഖ്യാപിച്ചു.
1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ ബി.സി.എം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥി സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാനായില്ല. തുടർന്നാണ് അന്വേഷണം സി.ബി.െഎക്ക് വിട്ടത്. 2009 ജൂലൈ 17ന് സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
എന്നാൽ, പത്ത് വർഷത്തോളം കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.