അഭയ കേസ്: വിചാരണ വീണ്ടും ആരംഭിച്ചു
text_fieldsതിരുവനന്തപുരം: ആറുമാസത്തെ ഇടവേളക്കുശേഷം സിസ്റ്റർ അഭയ കൊലേക്കസിെൻറ വിചാരണ ആരംഭിച്ചു. കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥൻ വർഗീസ്.പി.തോമസിനെ കോടതി ചൊവ്വാഴ്ച വിസ്തരിച്ചു. സി.ബി.ഐ ഏറ്റെടുത്ത കേസ് ആദ്യം അന്വേഷിച്ച് കൊലപാതകമെന്ന് കണ്ടെത്തിയിരുന്നതായി അദ്ദേഹം മൊഴി നൽകി. സി.ബി.ഐയിൽനിന്ന് രാജിെവച്ച ഡിവൈ.എസ്.പി വർഗീസ്.പി.തോമസിനെ പ്രോസിക്യൂഷൻ 38ാം സാക്ഷിയായാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിസ്തരിച്ചത്.
കേസിലെ 24 സാക്ഷികളിൽ നിന്നും വർഗീസ് മൊഴി എടുത്തിരുന്നു. ഇദ്ദേഹം ഒമ്പത് മാസക്കാലം മാത്രമേ കേസ് അന്വേഷിച്ചിരുന്നുള്ളൂ.1993 മാർച്ച് 29ന് അഭയ കേസിെൻറ എഫ്.ഐ.ആർ കോടതിയിൽ ഫയൽ ചെയ്തത് ഈ സാക്ഷിയായിരുന്നു. അഭയയുടെ മരണം ആത്മഹത്യ എന്ന ക്രൈംബ്രാഞ്ചിെൻറ വാദം തള്ളി കൊലപാതകമാണെന്ന് കേസ് ഡയറിയിൽ രേഖപ്പെടുത്തിയ ശേഷമാണ് ഡിവൈ.എസ്.പി വർഗീസ് രാജിെവക്കുന്നത്. 1993 ഡിസംബർ 12ന് സി.ബി.ഐയിൽനിന്ന് രാജിെവക്കുമ്പോൾ ഒമ്പതര വർഷം സർവിസ് ബാക്കിയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
കോവിഡ് കാരണം പ്രതിഭാഗം അഭിഭാഷകനും പ്രതികൾക്കും വിചാരണക്കെത്താൻ കഴിയിെല്ലന്ന കാരണം കാട്ടി പ്രതിഭാഗം വിചാരണ നടപടികൾക്ക് സ്റ്റേ വാങ്ങിയിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിൽ ഇതേ സീനിയർ അഭിഭാഷകർ തന്നെ വിചാരണ നടപടികളുമായി മുന്നോട്ടുപോയിരുന്നു. 28 വർഷം പഴക്കമുള്ള കേസ് അന്തിമ ഘട്ടത്തിൽ നിൽക്കുേമ്പാഴായിരുന്നു വിചാരണ നിർത്തിെവച്ചിരുന്നത്. ലോക്ഡൗൺ നടപടികൾ അവസാനിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ പുനരാരംഭിക്കണമെന്ന് സി.ബി.െഎ ഹൈകോടതിയെ അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിൽ കോടതി നിർദേശാനുസരണമാണ് വിചാരണ പുനരാരംഭിച്ചത്.
കേസിൽ ഇതുവരെ 37 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 27 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടുപേർ പ്രതികളെ അനുകൂലിച്ചു. 1992 മാർച്ച് 27 നാണ് കോട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.