സി.പി.എം എം.എൽ.എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു
text_fieldsകൊച്ചി: അഭിമന്യുവിെൻറ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സി.പി.എം അന്വേഷിക്കണമെന്നതടക്കം പരാമർശങ്ങളടങ്ങിയ പാർട്ടി എം.എൽ.എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ആർ.എസ്.എസിനെയും എസ്.ഡി.പി.െഎയെയും പ്രാദേശിക സി.പി.എം നേതൃത്വം സഹായിക്കുന്നത് സംബന്ധിച്ച സൂചനകളുള്ള പോസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സുഹൃത്തായ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ആംഗ്ലോ ഇന്ത്യൻ എം.എൽ.എ ജോൺ ഫെർണാണ്ടസിെൻറ ഭാര്യ എൻ.പി. ജെസിയാണ് പങ്കുവെച്ചത്. പോസ്റ്റ് ചർച്ചയായതിനെത്തുടർന്ന് മണിക്കൂറുകൾക്കകം പാർട്ടി നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു.
ജോൺ ഫെർണാണ്ടസിെൻറ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന മുഖവുരയോടെയാണ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ വിശദീകരിച്ചതെന്ന് സ്കൂൾ ജീവനക്കാരി കൂടിയായ ജെസിയുടെ കുറിപ്പിൽ പറയുന്നു. പശ്ചിമ കൊച്ചിയിലെ വർഗീയപ്രീണനം അവസാനിപ്പിക്കാൻ സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായ ജോൺ ഫെർണാണ്ടസ് എന്തുകൊണ്ട് തയാറാകുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥെൻറ ചോദ്യം. കൊച്ചിയിലെ അമരാവതി ഗവ. യു.പി. സ്കൂളിെൻറ സ്ഥലം കൈയേറി ഗേറ്റും ബോർഡും വെക്കാൻ ഹിന്ദു വർഗീയ വാദികൾക്ക് സി.പി.എം നേതൃത്വം ഒത്താശ ചെയ്തു. കൗൺസിലർമാർ ഇതിന് മൗനാനുവാദം നൽകി. ഒത്താശ ചെയ്തവരുടെ പോക്കറ്റിൽ ലക്ഷങ്ങൾ വീണു. ഫോർട്ട്കൊച്ചി ലോക്കൽ കമ്മിറ്റിയുടെ മൗനം എന്തൊക്കെയോ കളികൾ നടന്നതിെൻറ ലക്ഷണമാണ്.
എസ്.ഡി.പി.െഎയെ സഹായിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയക്കാരാണ്. എല്ലാ പാർട്ടിയിലും ഇവർ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരിൽനിന്ന് ലക്ഷങ്ങളുടെ സാമ്പത്തികസഹായമടക്കം ലഭിക്കുന്നു. പകൽ സി.പി.എമ്മും കോൺഗ്രസുമായി നടക്കുന്ന ഇവർ രാത്രിയിൽ ആർ.എസ്.എസും എസ്.ഡി.പി.െഎയും ആകുന്നു. ഇവരാണ് അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും നൽകിയത്. തോപ്പുംപടിയിൽ വന്നിറങ്ങിയ കൊലയാളികൾക്ക് ആരുടെ സംരക്ഷണമാണ് കിട്ടിയതെന്ന് പാർട്ടി അന്വേഷിക്കണം. ഇവരുടെ ഒാശാരം പറ്റാത്ത ജോൺ ഫെർണാണ്ടസ് ഇത് അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ജെസിയുടെ പോസ്റ്റിലുണ്ട്. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ ഇടപെടൽ അനിവാര്യമാണെന്നും സ്കൂൾ ഗ്രൗണ്ട് ഹിന്ദു വർഗീയവാദികൾക്ക് വിട്ടുകൊടുക്കേണ്ട സ്ഥലമല്ലെന്നും പറഞ്ഞാണ് ഡി.വൈ.എഫ്.െഎ സംസ്ഥാന സമിതി മുൻ അംഗം കൂടിയായ ജെസി കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘കമൻറുകളുമായി നിരവധി പേർ ജെസിക്ക് പിന്തുണ അറിയിച്ചു.
തെറ്റുകൾ തിരുത്തപ്പെടണമെന്ന് രണ്ടാമത്തെ പോസ്റ്റ്
ആദ്യ പോസ്റ്റ് പിൻവലിച്ച് ജെസി ഫേസ്ബുക്കിൽ രണ്ടാമതിട്ട പോസ്റ്റ് ഇങ്ങനെ: ‘ഞാൻ ഇന്നലെ ഫോർട്ട്കൊച്ചി അമരാവതി ഗവ. യു.പി സ്കൂളിെൻറ ഗ്രൗണ്ട് ഹിന്ദു തീവ്രവാദിസംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നിെല്ലന്ന എെൻറ ഉദ്യോഗസ്ഥതല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ ഇട്ടത്. അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ തെറ്റുകൾ തിരുത്തപ്പെടണം. അഭിമന്യുവിനെ നിഷ്ഠുരം കൊലപ്പെടുത്തിയ എസ്.ഡി.പി.െഎ സംഘത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. കൊലപാതകികളെ സംരക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചിയിൽ സി.പി.എം ശക്തമാണ്. ആ ശക്തി കൊലയാളി സംഘത്തെ കണ്ടെത്തുന്നതിൽ ഇടപെടണം. എസ്.ഡി.പി.െഎ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.
ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന് വ്യാഖ്യാനിച്ച് മുതലെടുപ്പ് വേണ്ട. എെൻറ എഫ്.ബി പോസ്റ്റ് സി.പി.എമ്മിനെതിരെ പ്രചാരണായുധമായി എസ്.ഡി.പി.െഎ സംഘം ഉപയോഗിക്കേണ്ട. ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.