അഭിമന്യു വധം: പിടിയിലായവർ പ്രധാന പ്രതികൾ; കൈവെട്ടു കേസിൽ സംശയിച്ചവർക്കും പെങ്കന്ന് പൊലീസ്
text_fieldsകൊച്ചി: മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ട കേസിൽ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്. കൈവെട്ടുകേസിൽ സംശയദൃഷ്ടിയിലായിരുന്ന ചിലർക്കും അക്രമത്തിൽ പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ട്. ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസത്തിനുള്ളിൽ ഒരുപ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വിദേശത്തേക്ക് കടന്നോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമന്യു വധത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രധാന പ്രതികൾതന്നെയാണ് അറസ്റ്റിലായവർ. മറ്റു പ്രതികൾക്കായി അതിർത്തിസംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം ഊർജിതമായ സാഹചര്യത്തിൽ ഇവർ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
അധ്യാപകെൻറ കൈവെട്ടിയ കേസിൽ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേരുടെ നേതൃത്വത്തിലുള്ള സംഘത്തിന് അഭിമന്യു വധവുമായി ബന്ധമുള്ളതായാണ് സംശയം. നെട്ടൂർ സ്വദേശികളായ ആറുപേർക്കായാണ് അന്വേഷണം. ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടില്ല. സംഭവദിവസം രാത്രി 10 മുതൽ പുലർച്ച രണ്ടുവരെ ഇവരിൽ മൂന്നുപേരുടെ മൊബൈൽ ഫോൺ കോളജ് പരിസരത്തുണ്ടായിരുന്നതായി സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായംനൽകിയത് ഇവരാണെന്ന് സംശയിക്കുന്നതായും കമീഷണർ പറഞ്ഞു.
പ്രതികളെ സംരക്ഷിച്ചതിനാണ് നെട്ടൂർ സ്വദേശികൾക്കെതിരെ കൈവെട്ടുകേസിൽ കുറ്റംചുമത്തിയിരുന്നത്. എന്നാൽ, വിചാരണഘട്ടത്തിൽ തെളിവില്ലെന്ന കാരണത്താൽ കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. ഇവരെയും പ്രതികളെ കോളജിലേക്ക് വരുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദിനെയും കണ്ടെത്താനുണ്ട്. പ്രതികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒളിവിലാണ്. അതിനിടെ, അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ എ.ഡി.എം കലക്ടർക്ക് റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.