അഭിമന്യു വധം: വിചാരണ നടപടികൾ മാർച്ച് 28ലേക്ക് മാറ്റി
text_fieldsകൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിെൻറ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാർച്ച് 28ലേക്ക് മാറ്റി. അന്ന് കേസ് പരിഗണിച്ച ശേഷമാകും കുറ്റം ചുമത്തുന്നതടക്കമുള്ള വിചാരണയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുന്ന കാര്യങ്ങൾ കോടതി തീരുമാനിക്കുക. കേസിൽ അറസ്റ്റിലായ ഒമ്പത് പ്രതികൾക്കെതിരെയാണ് ആദ്യ ഘട്ട വിചാരണ നടക്കുക.
അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.െഎ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിെൻറ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി.എച്ച്. സനീഷ് (32) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
ഇതിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ മുഹമ്മദ്, ആരിഫ് ബിൻ സലീം, റിയാസ് ഹുസൈൻ, എട്ടാം പ്രതി ആദിൽ ബിൻ സലീം എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ 16 പേർക്കെതിരെയാണ് കുറ്റപത്രം നൽകിയിരുന്നതെങ്കിലും ഇതിൽ ഏഴ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അടക്കം 10 പേർ അറസ്റ്റിലായെങ്കിലും കുറ്റപത്രം നൽകാത്തതിനാൽ ഇവർക്കെതിരെ വിചാരണ ഇപ്പോൾ ആരംഭിക്കില്ല. 2018 ജൂലൈ രണ്ടിന് പുലർച്ച 12.30 ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്.
പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, അന്യായമായി തടഞ്ഞുവെക്കുക, ഭീഷണിപ്പെടുത്തുക, തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കുക, മാരകമായി മുറിവേൽപിക്കുക, മാരകായുധങ്ങളുമായി ആക്രമിച്ച് മുറിവേൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രം നൽകപ്പെട്ട 16 പേരിൽ ഉളിയന്നൂർ സ്വദേശി ഫായിസ്, നെട്ടൂർ സ്വദേശികളായ തൻസീൽ, സാനിദ്, പള്ളുരുത്തി സ്വദേശി ഷിഫാസ്, നെട്ടൂർ സ്വദേശി സഹൽ, പള്ളുരുത്തി സ്വദേശി ജിസാൽ റസാഖ്, അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീം എന്നിവരാണ് പിടിയിലാവാനുള്ള പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.