വിളമ്പിവെച്ച ചോറുണ്ണാൻ അഭിമന്യു വരില്ല; ഹൃദയം വിങ്ങി അമ്പിളികുമാർ
text_fieldsകായംകുളം: ഉത്സവമേളം മുറുകിയപ്പോൾ പഠനമുറിയിൽ ഇരിപ്പുറക്കാതെ ക്ഷേത്രാങ്കണത്തിലേക്ക് പോയ മകൻ ഇനിയൊരിക്കലും തിരികെ വരില്ലെന്ന യാഥാർഥ്യം വിശ്വസിക്കാനാകാതെ വിങ്ങുന്ന ഹൃദയവുമായി അമ്പിളികുമാർ. 10ാം ക്ലാസ് പരീക്ഷക്ക് പഠിക്കുന്നതിനിടെയാണ് പടയണിവട്ടം ക്ഷേത്രത്തിലെ കെട്ടുത്സവം കാണാൻ അഭിമന്യു വീട്ടിൽ നിന്നിറങ്ങുന്നത്. വിഷയം ഫിസിക്സ് ആയതിനാൽ ഏറെ പഠിക്കാനുണ്ടായിരുന്നു. വീടിന് വിളിപ്പാടകലെയുള്ള ക്ഷേത്രത്തിലെ ഉത്സവമല്ലേ എന്ന് കരുതിയാണ് പോകാൻ അനുവദിച്ചത്. അവെൻറ ജീവനെടുക്കാൻ മാത്രം എന്ത് വൈരാഗ്യമാണ് അവർക്കുണ്ടായിരുന്നതെന്നാണ് അമ്പിളികുമാർ ചോദിക്കുന്നത്.
ഭാര്യ ബീനയുടെ വിയോഗദുഃഖം മാറുംമുമ്പാണ് ഒാമനിച്ച് വളർത്തിയ മകനെയും ഇദ്ദേഹത്തിന് നഷ്ടമാകുന്നത്. ബീനക്ക് അർബുദം ബാധിച്ചതോടെയാണ് പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പ് നാട്ടിലെത്തുന്നത്. അവർ മരിച്ചതോടെ മക്കളെ നോക്കാൻ ആരുമില്ലാത്തതിനാൽ പ്രവാസം മതിയാക്കുകയായിരുന്നു. അമ്മയില്ലാത്ത ദുഃഖം പഠനത്തെ ബാധിക്കരുതെന്ന് കരുതി അഭിമന്യുവിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. അവനായി വിളമ്പിെവച്ച ചോറ് ഇപ്പോഴും അവിടെയിരിപ്പുണ്ട്. തങ്ങളുടേത് കമ്യൂണിസ്റ്റ് കുടുംബമാണ്. രാഷ്ട്രീയം ഉണ്ടെങ്കിലും അവൻ ഒന്നിലും സജീവമായിരുന്നില്ല. അതിനുള്ള പ്രായം അവനായില്ലല്ലോ. പഠിക്കാൻ മിടുക്കനായിരുന്നു.
ആരോടും ഒരു വഴക്കിനും പോകാത്ത തെൻറ കുഞ്ഞിനെ എന്തിനാണ് അവർ കൊന്നതെന്നാണ് ബീനയുടെ മരണശേഷം അഭിമന്യുവിന് താങ്ങും തണലുമായിരുന്ന മുത്തശ്ശി ഭവാനിയും വല്ല്യമ്മച്ചി ശോഭനയും കണ്ണീരോടെ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.