ഇന്ധനക്കൊള്ളക്കെതിരെ പ്രതിഷേധ നടപ്പുമായി അഭിൻ
text_fieldsപയ്യന്നൂർ: കോവിഡുകാലം നിരവധി തൊഴിൽ മേഖലകളെയാണ് ഇല്ലാതാക്കിയത്. ഇതിൽ പ്രധാന മേഖലയാണ് ഫോട്ടോഗ്രാഫി. കല്യാണവും പൊതുപരിപാടികളും ഇല്ലാതായതോടെ ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫർമാർക്കാണ് തൊഴിലും വരുമാനവും ഇല്ലാതായത്.
ഇങ്ങനെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് കോഴിക്കോട് താമരശേരി ചട്ടിപ്പാറയിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാജ്യത്തിനു വേണ്ടി ഒരു 'പ്രതിഷേധ നടപ്പിനെ'ക്കുറിച്ചാലോചിച്ചത്. ഇന്ധന വില സെഞ്ച്വറിയടിച്ച് മുന്നേറുമ്പോൾ ആ അനീതിെക്കതിരെ ഒറ്റയാൾ പോരാട്ടം നടത്തുക എന്ന ചിന്തയിലൂടെയാണ് കഴുത്തിൽ ഒരു ബോർഡു തൂക്കി പ്രതിഷേധ നടത്തത്തിന് പദ്ധതിയിട്ടത്.
കഴിഞ്ഞ 20 ന് രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനടത്ത് നിന്നാരംഭിച്ച നടത്തം വെള്ളിയാഴ്ച തളിപ്പറമ്പിൽ അവസാനിച്ചപ്പോൾ ഒരു മാസം കൊണ്ട് തിരുവനന്തപുരം എന്ന ലക്ഷ്യം അത്ര അകലെയാവില്ല എന്ന് ഈ യുവാവ് കരുതുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയാണ് അഭിൻ. എന്നാൽ നടത്തത്തിന് രാഷ്ട്രീയമില്ല. വെള്ളിയാഴ്ച കടന്നപ്പള്ളിയുടെ അതിർത്തിയിലൂടെ സഞ്ചരിക്കുമ്പോൾ പരിചയപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ ഭക്ഷണം വാങ്ങി നൽകിയത്, തികച്ചും വ്യക്തിപരമാണ് നടത്തം എന്ന അഭിൻറെ അഭിപ്രായത്തെ സാധൂകരിക്കുന്നു. വെള്ളിയാഴ്ച രാവിലെ ദേശീയ പ്രസ്ഥാനത്തിൻറെ ഈറ്റില്ലവും മഹാത്മാഗാന്ധിയുടെ പാദസ്പർശം കൊണ്ട് ധന്യവുമായ പയ്യന്നൂരിൽ നിന്ന് യാത്ര തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് അഭിൻ പറയുന്നു.
നാട്ടുകാർ നല്ല സ്വീകരണമാണ് നൽകുന്നത്. പലരും ഭക്ഷണവും മറ്റും നൽകി സഹായിക്കുന്നു. രാത്രിയിൽ ഓഫിസുകളിലും മറ്റും കിടക്കുന്നു. ഇത് സാധിക്കാത്ത പക്ഷം കൈയിൽ കരുതിയ ടെൻഡ് അടിച്ച് കിടക്കും.
''ഒരു ന്യായീകരണവുമില്ലാതെയാണ് ഇന്ധന വില കുതിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വലിയ തോതിൽ ഉയരേണ്ടതുണ്ട്. സമരങ്ങൾ ലക്ഷ്യം കാണുന്നില്ല. പ്രതിഷേധം സർക്കാർ അവഗണിക്കുന്നു. ഈ സന്ദർഭത്തിൽ ഒറ്റക്ക് സാധിക്കുന്ന സമരമാർഗ്ഗം തെരഞ്ഞെടുത്തു. ഇതിന് സുഹൃത്തുക്കളും നാട്ടുകാരും സഹായിക്കുന്നു. തൊഴിലിടമില്ലാതായപ്പോൾ നാടിനു വേണ്ടി നടക്കുന്നു'' -അഭിൻ പറയുന്നു. അമ്മ ലീലയും ഭാര്യ ദിവ്യയും അഭിന് പിന്തുണ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.