ക്യൂബൻ ഗ്രാൻഡ് മാസ്റ്ററെ സമനിലയിൽ തളച്ച് അഭിനവ്
text_fieldsകൽപറ്റ: കേരള-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർനാഷനൽ ചെസ് ചാമ്പ്യൻഷിപ്പിൽ ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്ററും ഫിഡേ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള അന്താരാഷ്ട്ര താരവുമായ ദിലൻ ഇസിദ്രെ ബെർദായെസിനെ സമനിലയിൽ തളച്ച് വയനാട്ടിൽ നിന്നുള്ള ചെസ് താരം അഭിനവ് ശ്രദ്ധ നേടി. കോളേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് പരിശീലകന്റെ സഹായമില്ലാതെയാണ് ജില്ലതല മത്സരങ്ങൾ ജയിച്ച് ചാമ്പ്യൻഷിപ്പിലെത്തിയത്.
പിതാവ് സന്തോഷ് വി.ആറിൽ നിന്നാണ് ചെസ് ബാലപാഠങ്ങൾ അഭിനവ് പഠിച്ചത്. പിന്നീട് പുസ്തകങ്ങളും ഇന്റർനെറ്റും പരതി സ്വയം പരിശീലനത്തിലൂടെയാണ് കളിമികവ് സ്വായത്തമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന റാങ്കുള്ള മികച്ച താരത്തിനെതിരെ മത്സരിക്കാൻ ലഭിച്ച അവസരം കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്ന് അഭിനവ് പറഞ്ഞു.
കൃത്യതയും വേഗത്തിലുമുള്ള കരുനീക്കങ്ങളിലൂടെയാണ് അഭിനവ് ബെർദായെസിനെ സമനിലയിൽ തളച്ചത്. ഗ്രാൻഡ് മാസ്റ്റർ പദവിയാണ് ഈ 15കാരന്റെ ലക്ഷ്യം. അഭിനവ് മികച്ച പ്രതിഭയുള്ള കളിക്കാരനാണെന്നും മികച്ച പരിശീലനത്തിലൂടെ ടൂർണമെന്റുകളിൽ കളിക്കണമെന്നും എതിരാളി ബെർദായെസ് പറഞ്ഞു. മികവിന്റെ പാതയിൽ അഭിനവിന് പിന്തുണയുമായി പിതാവ് സന്തോഷും മാതാവ് ഷാജിയും സഹോദരൻ ആനന്ദ് രാജും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.