അഡ്മിറ്റ് ചെയ്യണമെന്ന് അഭിരാമി കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ലെന്ന്
text_fieldsഗാന്ധിനഗർ (കോട്ടയം): ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്ന് നായുടെ കടിയേറ്റ അഭിരാമി കരഞ്ഞുപറഞ്ഞിട്ടും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി അധികൃതർ കേട്ടില്ലെന്ന് മാതാവ് രജനി.
കടിയേറ്റ് പത്തനംതിട്ട ജില്ല ആശുപത്രിയിൽ കാണിച്ചശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനിയെത്തുടർന്ന് അഭിരാമിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, സൈക്യാട്രിസ്റ്റിനെ കാണാനാണ് നിർദേശിച്ചതെന്നും വേറെ കുഴപ്പമില്ലെന്നും പറഞ്ഞ് മടക്കിയയച്ചു. തനിക്ക് തീരെ വയ്യെന്നും അഡ്മിറ്റാക്കണമെന്നും അഭിരാമി പിതാവിനോട് പറഞ്ഞു.
ഇക്കാര്യം ആശുപത്രി അധികൃതരോട് പറഞ്ഞപ്പോൾ കുത്തിവെപ്പെടുത്തതിന്റെ ക്ഷീണമാണെന്നും അഡ്മിറ്റ് ചെയ്യേണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിലേക്ക് മടങ്ങി.
അന്ന് വൈകീട്ടാണ് വായിൽനിന്ന് നുരയും പതയും വന്നതും പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിക്കുന്നതും. അവിടെനിന്ന് ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. കുഞ്ഞിനെ ചികിത്സിക്കാനുള്ള സംവിധാനങ്ങളില്ലെന്നും സ്ഥിതി ഗുരുതരമാണെന്നും സ്വകാര്യ ആശുപത്രിയിൽനിന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പോൾതന്നെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുമായിരുന്നു. നേരത്തേ ചികിത്സ ലഭ്യമാക്കാനും കഴിയുമായിരുന്നു എന്ന് രജനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.