അഭിരാമിയുടെ ആത്മഹത്യ: കേരള ബാങ്കിന് വീഴ്ചയെന്ന് റിപ്പോർട്ട്
text_fieldsകൊല്ലം: വായ്പ കുടിശ്ശികയെ തുടർന്ന് വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജി മന്ദിരത്തിൽ അജികുമാറിന്റെയും ശാലിനിയുടെയും ഏക മകൾ അഭിരാമി (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സഹകരണ ജോയന്റ് രജിസ്ട്രാറാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.
അഭിരാമിയുടെ പിതാവ് അജികുമാറാണ് വായ്പെയടുത്തത്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നിട്ടും രോഗിയായ അജികുമാറിന്റെ പിതാവിനാണ് ജപ്തി നോട്ടീസ് കൈമാറിയത്. വീടിനു മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിലും വീഴ്ച പറ്റിയെന്ന് ജോയന്റ് രജിസ്ട്രാർ നല്കിയ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. നോട്ടീസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ശശിധരന് ആചാരി നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വായ്പക്കാരൻ സംഭവസ്ഥലത്ത് തന്നെയുണ്ടെങ്കിൽ അയാൾക്ക് നോട്ടീസ് കൈമാറുകയും അയാളെക്കൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നത് പാലിച്ചില്ല. മറ്റ് നടപടികളെല്ലാം സർഫാസി ആക്ട് പ്രകാരമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും.
ബാങ്കിന് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയും നിർദേശം നല്‍കിയിട്ടുണ്ട്. അഭിരാമിയെ ചൊവ്വാഴ്ച യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീഴ്ച പരിശോധിച്ച് നടപടിക്ക് കേരള ബാങ്കിന് നിർദേശം
തിരുവനന്തപുരം: കൊല്ലം ശൂരനാട് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഴ്ച പരിശോധിച്ച് നടപടിയെടുക്കാൻ കേരള ബാങ്കിന് നിർദേശം നൽകിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ. ബാങ്ക് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം സർഫാസി നിയമം നടപ്പാക്കാൻ ബാധ്യസ്ഥരാണ്.
ജപ്തിയുടെ കാര്യത്തിൽ നിയമം നടപ്പാക്കിയതിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്. നിയമസഭ പാസാക്കിയ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ ഒപ്പിടുന്നതിന് ഗവർണർക്ക് തടസ്സമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.