അബിഗേലിന്‍റെ ആരോഗ്യനില തൃപ്തികരം; വരവേൽക്കാൻ നാട് കാത്തിരിക്കുന്നു
text_fieldsകൊല്ലം: തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേൽ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും. നിലവിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യനില വിലയിരുത്തിയ ശേഷമാകും ബന്ധുക്കൾക്കൊപ്പം വിടുക. അതേസമയം, അബിഗേലിനെ വരവേൽക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
അബിഗേലിന്‍റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലെത്തിയിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ആരെയും വ്യക്തിപരമായി സംശയമില്ലെന്നാണ് അച്ഛൻ റെജി പറയുന്നത്. സംഭവത്തിന് പിന്നിൽ എന്താണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേലിനെ (ആറ്) തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴാണ് കാറിലെത്തിയവർ അബിഗേലിനെ കാറിലേക്ക് വലിച്ചുകയറ്റിയത്.
കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. പൊലീസ് നിരവധി വീടുകളും വാഹനങ്ങളുമടക്കം പരിശോധിച്ചു. ഇതിനിടെ, കൊല്ലം പാരിപ്പള്ളിയിലെ കടയിൽ നിന്ന് കടയുടമയുടെ ഫോൺ ഉപയോഗിച്ച് കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യമാവശ്യപ്പെട്ട് സംഘം ഫോൺ വിളിച്ചു. കുട്ടിയെ വിട്ടയക്കാൻ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.
പാരിപ്പള്ളിയിലെത്തിയ പൊലീസ് അവിടെ എത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി രാത്രിയിൽ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച പുലർച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി പിന്നീട് ഇവരെ വിട്ടയച്ചു.
സമയം വൈകുംതോറും ആശങ്ക വർധിക്കുന്നതിനിടെയാണ് കുട്ടിയെ കൊല്ലത്ത് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നലെ ഉച്ചയോടെ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. കുട്ടിയെ ശ്രദ്ധയിൽപെട്ടവർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് 21 മണിക്കൂറോളം നീണ്ട ആശങ്കക്ക് വിരാമമായത്. അതേസമയം, തട്ടിക്കൊണ്ടുപോയവരെ കുറിച്ച് കൂടുതൽ വിവരം ലഭിക്കാത്തത് പൊലീസിന് തിരിച്ചടിയായി.
പ്രതികളെ കണ്ടെത്താൻ സജീവമായ അന്വേഷണം തുടരുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് നിരീക്ഷിക്കുന്നതായാണ് വിവരം. എഡിജിപി എം.ആർ. അജിത്കുമാർ നേരിട്ടാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.