അബ്കാരി കേസുകൾ: ആരെയും പ്രതിയാക്കാമെന്ന അവസ്ഥ
text_fieldsകൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന് ശത്രുതയുള്ളവരെ ഒരു കുപ്പിയും അൽപം വ്യാജമദ്യവും കൊണ്ട് പ്രതിയാക്കാവുന്ന സ്ഥിതി നിലനിൽക്കുന്നതിനാൽ അബ്കാരി കേസുകളിലെ അന്വേഷണമടക്കം നടപടിക്രമങ്ങളിൽ പുനഃപരിശോധന അനിവാര്യമെന്ന് ഹൈകോടതി. അഞ്ചു വർഷത്തിനിടെ അബ്കാരി കേസുകളും അന്വേഷണ നടത്തിപ്പും പരിശോധിച്ച് ആവശ്യമെങ്കിൽ അബ്കാരി ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് പ്രതികൾക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിലാണ് ഈ നിർദേശം.
കൊല്ലം സ്വദേശികളായ ആർ. പ്രകാശ്, അനിൽ കുമാർ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ആർ. പ്രകാശിനെ കള്ളക്കേസിൽ കുടുക്കി 76 ദിവസവും അനിൽകുമാറിനെ 55 ദിവസവുമാണ് എക്സൈസ് ഉദ്യോഗസ്ഥർ ജയിലിലടച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് നഷ്ടപരിഹാരവും ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിച്ചു. നാല് ലിറ്റർ ചാരായം കൈവശം വെച്ചെന്ന് ആരോപിച്ച് 2006 ഫെബ്രുവരി 25നാണ് പ്രകാശിനെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസർ വാസുദേവകുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥനായ വിക്രമൻ നായരുടെ വൈരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ചതായിരുന്നു കേസെന്നായിരുന്നു പരാതി. അന്വേഷണത്തിൽ ഇത് ശരിയാണെന്ന സാഹചര്യത്തിൽ അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
സുദർശനന്റെ നേതൃത്വത്തിൽ നടത്തുന്ന ചാരായ നിർമാണത്തെക്കുറിച്ച് പരാതി നൽകിയതിനെ തുടർന്നാണ് അനിൽകുമാറിനെ കള്ളക്കേസിൽ കുടുക്കിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കേസാണെന്ന് വ്യക്തമായത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരായ എ. അൻസാർ, ബിജുകുമാർ എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും എസ്. മോഹനൻ, എ. മുഹമ്മദ് റഷീദ് എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
രണ്ടര ലക്ഷം രൂപ വീതം രണ്ടു മാസത്തിനകം നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്. ഈ തുക കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം. ഉത്തരവിൽ സ്വീകരിച്ച നടപടികൾ ആറു മാസത്തിനകം കോടതിയെ അറിയിക്കാനും ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയക്കാനും നിർദേശിച്ചിട്ടുണ്ട്. കൂടുതൽ നഷ്ടപരിഹാരത്തിനായി ഹരജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അബ്കാരി ആക്ട് പ്രകാരം പരിശോധന നടത്തുമ്പോൾ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യമാണ് വേണ്ടത്. 70 മുതൽ 90 ശതമാനം കേസുകളിലും ഈ സ്വതന്ത്ര സാക്ഷികൾ കൂറുമാറുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അഞ്ചു വർഷത്തിനിടയിലെ അബ്കാരി കേസുകളും അന്വേഷണ നടത്തിപ്പും സംബന്ധിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്.
'എപ്പോഴും ഒരേ തിരക്കഥ'
കൊച്ചി: അബ്‌കാരി കേസുകളിലെ തിരക്കഥ എപ്പോഴും ഒന്നുതന്നെയെന്ന് ഹൈകോടതി. വ്യാജ അബ്കാരി കേസിൽപെട്ട രണ്ടുപേർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിലാണ് സിംഗിൾബെഞ്ചിന്‍റെ നിരീക്ഷണം. ജീപ്പിൽ വരുന്ന എക്സൈസ് സംഘത്തെ കണ്ട് പരുങ്ങുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന കന്നാസ് കൈയിലേന്തിയയാളെ സംശയം തോന്നി ചോദ്യം ചെയ്യുകയും അയാളിൽനിന്ന് ചാരായം പിടികൂടുകയും ചെയ്യുന്നതാണ് എല്ലാ കേസിലെയും കഥ. ആവർത്തിക്കപ്പെടുന്ന അവിശ്വസനീയമായ ഈ തിരക്കഥയുടെ നിജസ്ഥിതി കണ്ടെത്താനാണ് അഞ്ചുവർഷത്തെ എക്സൈസ് കേസുകളിലെ നടപടിയുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.
ഒരു കേസിൽ ഹാജരായ സീനിയർ അഭിഭാഷകൻ ഈ തിരക്കഥയെക്കുറിച്ച് പറഞ്ഞതും കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്‌കാരി കേസുകൾ ഏറെയുള്ള നാട്ടിൽ നിന്നുവരുന്ന താൻ ഇതുവരെയും കന്നാസിൽ ചാരായവുമായി ആരും വഴിയിലൂടെ നടന്നുവരുന്നത് കണ്ടിട്ടില്ലെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ഇവരെന്തിനാണ് എക്സൈസുകാർ വരുന്ന വഴിയിലൂടെ തന്നെ കന്നാസുമായി വരുന്നതെന്നും അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു. സമാനമായ നിരവധി കേസുകൾ ഹൈകോടതിയിൽ ഉള്ളതിനാൽ ഇതേക്കുറിച്ച് കൂടുതൽ വിശദമാക്കുന്നില്ലെന്നും വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.