അബ്കാരിനയം: ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിന് സഹായകരമായ രീതിയിൽ അബ്കാരി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്ന് മദ്യനയം. അബ്കാരി നിയമത്തിലെ പല വ്യവസ്ഥകളും ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന ആശയം നടപ്പാക്കുന്നതിന് തടസ്സമാകുന്നതായി വ്യാഴാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
എക്സൈസ് കമീഷണറുടെ മുൻകൂർ അനുമതിയില്ലാതെ അബ്കാരി നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പാർട്ട്ണർഷിപ്, ഡയറക്ടർ ബോർഡ് എന്നിവ പുനഃസംഘടിപ്പിക്കാം. എക്സൈസ് കമീഷണറുടെ മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന പുനഃസംഘടനകൾക്ക് അബ്കാരി നിയമപ്രകാരം മൂന്ന് ലക്ഷം രൂപ പിഴ ചുമത്തുന്ന വ്യവസ്ഥക്കാണ് ഇതോടെ മാറ്റം വന്നത്.
അതേസമയം, അനുമതിയില്ലാതെയുള്ള പുനഃസംഘടനക്കുശേഷം 30 ദിവസത്തിനകം ഇതുസംബന്ധിച്ച പൂർണ വിവരം എക്സൈസ് കമീഷണറെ അറിയിച്ച് നിശ്ചിത ഫീസ് ഒടുക്കി പുനഃസംഘടന ക്രമവത്കരിക്കണം. 30 ദിവസത്തിനകം വിവരം നൽകിയില്ലെങ്കിൽ കാലതാമസം വരുത്തുന്ന ഓരോ 30 ദിവസത്തിനോ അതിന്റെ ഭാഗത്തിനോ 10,000 രൂപ വീതം പിഴ ഈടാക്കും. യോഗ്യരല്ലാത്ത അംഗങ്ങളെ പാർട്ട്ണർഷിപ്പിലോ ഡയറക്ടർ ബോർഡിലോ അംഗമാക്കിയാൽ ലൈസൻസ് റദ്ദ് ചെയ്യും.
അതുപോലെ, സംസ്ഥാനത്തെ ഡിസ്റ്റിലറികളിൽ നിന്നുള്ള അഡീഷനൽ സെക്യൂരിറ്റി സ്വീകരിക്കുന്ന രീതിയും ഒഴിവാക്കി. സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ ഏറെ നാളായുള്ള ആവശ്യമാണിത്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി മുൻകൂറായി വാങ്ങുന്നുണ്ട്.
അഡീഷനൽ സെക്യൂരിറ്റി നിർദേശമുണ്ടായിട്ടും വിവിധ കോടതി ഉത്തരവുകളുടെ ബലത്തിൽ ഇതുവരെ അതിന്റെ പ്രയോജനം പൂർണാർഥത്തിൽ സർക്കാറിന് ലഭിച്ചിട്ടില്ല.
ലഹരിക്കെതിരായ പ്രവർത്തനത്തിന് ബിവറേജസ് കോർപറേഷന്റെ സി.എസ്.ആർ ഫണ്ടിലെ 25 ശതമാനം തുക നീക്കിവെക്കാനും പുതിയ നയം നിർദേശിക്കുന്നു. ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ സംവാദ സദസ്സ്, നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വീടുകളിലെത്തിക്കൽ തുടങ്ങി ഈ വർഷത്തെ ലഹരി വിരുദ്ധ പരിപാടികളും പുതിയ നയത്തിൽ വിശദീകരിക്കുന്നു.
നവംബർ 14ന് സ്കൂളുകളിൽ പ്രത്യേക അസംബ്ലി, ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ. ജനുവരി 30ന് ക്ലാസ് സഭ. സ്കൂൾ, ജില്ലതല ജനജാഗ്രത സമിതികൾ നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനം ആസൂത്രണം ചെയ്യും. തദ്ദേശസ്ഥാപന തലത്തിൽ ജനജാഗ്രത സമിതികൾ മൂന്ന് മാസത്തിലൊരിക്കൽ യോഗം തുടങ്ങിയവയും സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.