നവജാതശിശുവിന്റെ അസാധാരണ അംഗവൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
text_fieldsആലപ്പുഴ: ഗർഭകാലയളവിൽ നിരവധി തവണ സ്കാൻ ചെയ്തിട്ടും ഗർഭസ്ഥശിശുവിന്റെ അസാധാരണ വൈകല്യം കണ്ടെത്താനാകാത്ത സംഭവത്തിൽ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയും സ്കാനിങ് നടത്തിയ രണ്ട് സ്വകാര്യലാബിലെ ഡോക്ടർമാർക്കെതിരെയും ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പരാതി അന്വേഷിക്കാൻ ഉടൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കും.
ആലപ്പുഴ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ബോർഡ് രൂപവത്കരിക്കുക. ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷിന്റെ പരാതിയിലാണ് കടപ്പുറം ആശുപത്രിയിലെ ഡോക്ടർമാരായ പുഷ്പ, ഷേർലി എന്നിവരെയും നഗരത്തിലെ രണ്ട് ലബോറട്ടറിയിലെ ഡോക്ടർമാരെയും പ്രതിചേർത്ത് കേസെടുത്തത്. അനീഷിന്റെ ഭാര്യയുടെ മൂന്നാം പ്രസവവുമായി ബന്ധപ്പെട്ട് കടപ്പുറം ആശുപത്രിയിലെ ഡോക്ടർമാർ ആറോളം തവണയാണ് സ്കാനിങ്ങിന് വിധേയമാക്കി റിപ്പോർട്ട് പരിശോധിച്ചത്. എന്നിട്ടും വൈകല്യം കണ്ടെത്താതിരുന്നത് ഗുരുതര ചികിത്സപ്പിഴവെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒക്ടോബർ 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് കാട്ടി നവംബർ രണ്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. ഈമാസം എട്ടിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതോടെയാണ് അസാധാരണ അംഗവൈകല്യം തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ് തുറക്കില്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല. കൈയും കാലും വളഞ്ഞാണ്. ഹൃദയത്തിന് ദ്വാരവുമുണ്ട്.
11ഉം അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ മാതാവായ യുവതി മൂന്നാമത് ഗർഭിണിയായതുമുതൽ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയർ ഡോക്ടർമാരുടെ ചികിത്സയിലായിരുന്നു. ഡോക്ടർമാർ പറഞ്ഞ രണ്ട് ലാബുകളിലായിരുന്നു സ്കാനിങ്. എല്ലാ നിർദേശങ്ങളും പാലിച്ച് മരുന്ന് കൃത്യമായി കഴിച്ചിരുന്നു. ഇതോടെയാണ് ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.എം.ഒ അടക്കമുള്ളവർക്ക് കുടുംബം പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.