രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: ഇടതുമുന്നണിയിൽ കടുത്ത ഭിന്നത
text_fieldsതിരുവനന്തപുരം/തൊടുപുഴ: മൂന്നാറിലെ രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെ ചൊല്ലി ഇടതുമുന്നണിയിൽ കടുത്ത ഭിന്നത. മുന്നണിനേതൃത്വവും ഭരണനേതൃത്വവും അറിഞ്ഞാണ് നടപടിയെങ്കിലും സി.പി.എം, സി.പി.ഐ ഇടുക്കി നേതൃത്വങ്ങൾ കടുത്ത എതിർപ്പുയർത്തി.
രവീന്ദ്രൻ പട്ടയം നൽകുമ്പോൾ റവന്യൂമന്ത്രിയായിരുന്ന മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിലും നടപടി തള്ളി. പട്ടയം റദ്ദാക്കിയതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്നും മുന്നണി തീരുമാനമാണെന്നും റവന്യൂമന്ത്രി കെ. രാജനും പാർട്ടി തീരുമാനപ്രകാരമാണ് നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു.
1999ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജിലെ 4251 ഹെക്ടറിന് നൽകിയ 530 പട്ടയമാണ് രവീന്ദ്രൻ പട്ടയം എന്നറിയപ്പെടുന്നത്. ഭൂമി പതിവ് കമ്മിറ്റി ശിപാർശ പ്രകാരമാണ് പട്ടയം നൽകിയതെന്നാണ് രവീന്ദ്രന്റെ വാദം.
സി.പി.എം, സി.പി.ഐ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ഭൂമിക്കും രവീന്ദ്രൻ പട്ടയം കിട്ടിയെന്നിരിക്കെ ഇതിന് പിന്നിൽ വൻ രാഷ്ട്രീയ സമ്മർദമുള്ളതായി അന്നേ ആക്ഷേപം ഉയർന്നിരുന്നു. 2007ൽ വി.എസ് മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ഒഴിപ്പിക്കലിനിടെയാണ് അനധികൃത പട്ടയങ്ങൾ കണ്ടെത്തിയത്. പട്ടയം നൽകാൻ രവീന്ദ്രന് അധികാരമില്ലെന്ന് ദൗത്യസംഘത്തലവൻ സുരേഷ്കുമാർ തുറന്നടിച്ചിരുന്നു. എന്നാൽ, മുൻ കലക്ടർ വി.ആർ. പദ്മനാഭൻ അധികാരം നൽകിയിട്ടുണ്ടെന്ന് രവീന്ദ്രനും വാദിച്ചു.
മൂന്നാർ ദൗത്യസംഘം രവീന്ദ്രൻ പട്ടയ സാധുത ചോദ്യം ചെയ്തതോടെയാണ് ഇടുക്കിയിലെ സി.പി.എം-സി.പി.ഐ നേതൃത്വം പ്രതിഷേധസ്വരമുയർത്തിയതും സി.പി.എമ്മിലെ ശാക്തിക ചേരിക്ക് തന്നെ മാറ്റമുണ്ടായതും. രവീന്ദ്രൻ പട്ടയ ഭൂമിയിലായതിനാൽ സി.പി.എം ഓഫിസിന്റെ പട്ടയവും റദ്ദാവും. ഇതാണ് ഇടുക്കി നേതൃത്വത്തെ ചൊടിപ്പിക്കുന്നത്.
ഓഫിസ് തൊടാൻ അനുവദിക്കില്ലെന്ന് മുതിർന്ന നേതാവ് എം.എം. മണി മുന്നറിയിപ്പ് നൽകി. പട്ടയം മൊത്തത്തിൽ വ്യാജമാണെന്നോ കള്ളപട്ടയമാണെന്നോ പറയുന്നത് പട്ടയം കിട്ടിയവരെ അവഹേളിക്കലാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ കുറ്റപ്പെടുത്തി.
തെറ്റായ വ്യഖ്യാനം വേണ്ടെന്ന വിശദീകരണമാണ് റവന്യൂമന്ത്രി കെ. രാജന്റേത്. 2019 ജൂൺ 17 ലെ ഇടതുമുന്നണി യോഗ തീരുമാനപ്രകാരമാണ് ഉത്തരവ്. അത് അനധികൃത പട്ടയമാണ്. റദ്ദാക്കൽ ആരെയും കുടിയൊഴിപ്പിക്കാനല്ല.
ഭൂമി തിരിച്ചു പിടിക്കാനുമല്ല, അർഹരായവർക്ക് വീണ്ടും അപേക്ഷിച്ചാൽ പട്ടയം കിട്ടും. സി.പി.എം ഓഫിസിന്റെ പേരിൽ അനാവശ്യ വിവാദമാണെന്നും മന്ത്രി പറഞ്ഞു. പട്ടയം റദ്ദാക്കൽ സി.പി.ഐയിലെ വിഭാഗീയതക്കും ആക്കം കൂട്ടി. ഇസ്മയിൽ എം.എം. മണിയുടെ നിലപാടിനൊപ്പമാണ്. ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്നും ഇസ്മയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.