സ്കൂളിൽ കുട്ടികൾ തളർന്നു വീണു; 48 പേർ ആശുപത്രിയിൽ
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുർഗ് മരക്കാപ്പുകടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിൽ കുട്ടികൾ കൂട്ടത്തോടെ ക്ലാസ് മുറികളിൽ തളർന്നുവീണു. യു.കെ.ജി വിദ്യാർഥി ഉൾപ്പെടെ 41 പേരെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലും ഏഴ് പേരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പുള്ള മൂന്നാമത്തെ പിരീഡിലാണ് കുട്ടികളിൽ അസ്വാസ്ഥ്യം കണ്ടത്. ഛർദി അനുഭവപ്പെടുന്നതായും ക്ഷീണമുള്ളതായും കുട്ടികൾ അധ്യാപകരോട് പറഞ്ഞതിനുപിന്നാലെ തളർന്നുവീഴാൻ തുടങ്ങി. കുട്ടികളുടെ കൂട്ടനിലവിളി ഉയർന്നതോടെ സ്കൂളിൽ പരിഭ്രാന്തിയായി. അധ്യാപകർക്കൊപ്പം നാട്ടുകാരും ഓടിയെത്തി. എല്ലാവരെയും വാരിയെടുത്ത് ജില്ല ആശുപത്രിയിലേക്ക് കുതിച്ചു. തൊട്ടുപിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ആശുപത്രിയിലെത്തി.
ഭക്ഷ്യവിഷബാധയല്ല ആരോഗ്യപ്രശ്നത്തിന് കാരണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം.വി. രാംദാസ് പറഞ്ഞു. കടൽ കാറ്റിനൊപ്പമെത്തിയ ദുർഗന്ധമാവാം കുട്ടികളിൽ പ്രശ്നമുണ്ടാക്കിയതെന്നാണ് അധ്യാപകരും നാട്ടുകാരും സംശയിക്കുന്നത്. എൽ.പി, യു.പി വിഭാഗം പെൺകുട്ടികൾക്കാണ് കൂടുതലായും അസ്വസ്ഥത അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽനിന്ന് കുട്ടികളെ വൈകീട്ടോടെ വാർഡുകളിലേക്ക് മാറ്റി. ജില്ല മെഡിക്കൽ ഓഫിസർ പരിശോധനക്ക് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസും ആശുപത്രിയിലെത്തി.
നഗരസഭ ചെയർപേഴ്സൻ കെ. ശൈലജ ഉൾപ്പെടെ ജനപ്രതിനിധികളുമെത്തി. കുട്ടികൾ അപകടനില തരണംചെയ്തതായും 24 മണിക്കൂർ നിരീക്ഷണത്തിലാക്കിയതായും ഡോക്ടർമാർ പറഞ്ഞു.
ആശങ്കയുടെ മണിക്കൂറുകൾ
കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ കുട്ടികൾ കൂട്ടത്തോടെ തളർന്നുവീണത് നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാക്കി. നിലവിളികളുമായി രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലേക്ക് വന്നത് കണ്ടുനിൽക്കുന്നവരിലും അന്ധാളിപ്പുണ്ടാക്കി. എന്താണ് സംഭവിച്ചത് എന്നറിയാതെ ഭയവും അമ്പരപ്പുമായിരുന്നു എങ്ങും.
ഭക്ഷ്യവിഷബാധയാണോ എന്നതിനെ കുറിച്ചെല്ലാം കിംവദന്തികൾ പരന്നുവെന്നല്ലാതെ ആർക്കും വ്യക്തമായി ഒന്നും പറയാനായില്ല. പൊന്നുമക്കൾക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് കേട്ട് രക്ഷിതാക്കൾ സ്കൂളിലേക്ക് കുതിച്ചതിനൊപ്പം ആംബുലൻസുകളും കാറുകളും ആശുപത്രി ലക്ഷ്യമാക്കിയും പാഞ്ഞു. മിനിറ്റുകൾക്കകം ജില്ല ആശുപത്രിയും പരിസരവും ജനനിബിഡമായി. പന്തികേട് മനസ്സിലാക്കിയപ്പോൾതന്നെ അധ്യാപകർ വിവരം ആരോഗ്യവിഭാഗത്തെ അറിയിച്ചിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ
കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽ 48 കുട്ടികൾ കൂട്ടത്തോടെ തളർന്നുവീണതിൽ ആരോഗ്യവിഭാഗത്തിന് കാരണം കണ്ടെത്താനായില്ല. കുട്ടികളിലെ ആരോഗ്യപ്രശ്നത്തിന് കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം.വി. രാംദാസ് പറഞ്ഞു. ഇപ്പോൾ ഒന്നും പറയാനാവില്ല.
അവശനിലയിലുള്ള കുട്ടികളെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കടൽക്കാറ്റിൽനിന്നുമുണ്ടായ ദുർഗന്ധത്തെ തുടർന്നാണ് ആരോഗ്യപ്രശ്നമെന്ന സംശയമുണ്ടെങ്കിലും സ്ഥിരീകരണമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ആരോഗ്യവകുപ്പ് വിഷയത്തിൽ പ്രത്യേകിച്ച് ഒന്നും പറയാത്തതിൽ ആശങ്കയേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.