കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50 ശതമാനം പുതുമുഖങ്ങളായിരിക്കും -താരിഖ് അൻവർ
text_fieldsകൊച്ചി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് കേരളത്തിെൻറ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. യുവാക്കൾക്കും വനിതകൾക്കും ലിസ്റ്റിൽ മുൻതൂക്കം ലഭിക്കും. പകുതി സീറ്റിൽ മുതിർന്ന നേതാക്കളാകും മത്സരിക്കുകയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിജയസാധ്യത മാത്രമാണ് സ്ഥാനാർഥികളെ നിശ്ചയിക്കാൻ മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവർക്കും പാർട്ടിക്കും ജനത്തിനും സേവനം നൽകിയവർക്കും മാത്രമേ ഇടമുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇതിനായി നിർദേശങ്ങൾ നൽകി. ഡി.സി.സികളും തെരഞ്ഞെടുപ്പ് കമ്മിറ്റികളും സ്ഥാനാർഥി നിർണയ നടപടി തുടങ്ങിയിട്ടുണ്ട്. ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രിക രൂപവത്കരിക്കും. വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, എൻ.ജി.ഒകൾ തുടങ്ങിയ വിഭാഗങ്ങളുമായി നടത്തുന്ന ചർച്ചയിൽനിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും.
സംസ്ഥാനത്ത് യു.ഡി.എഫിനെതിരെ ബി.ജെ.പി -സി.പി.എം കൂട്ടുകെട്ട് ഉണ്ടാകാം. രാഷ്ട്രത്തിന് ഒരുസംഭാവനയും നൽകാത്ത പാർട്ടിയാണ് ബി.ജെ.പി. കോൺഗ്രസ് പാർട്ടിയെന്നതിന് അപ്പുറം രാജ്യത്തിെൻറ വളർച്ചക്കായി പ്രവർത്തിച്ച പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.