അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: 50 ഓളം ആദിവാസികൾ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നല്കാൻ അട്ടപ്പാടിയിൽ നിന്നും 50 ഓളം ആദിവാസികൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും. ഡി.ജി പിയെയും നേരിൽ കണ്ട് പരാതി നൽകും. ഡി.ജി പി അതിന് സമയം അനുവദിച്ചുവെന്ന് ആദിവാസി മഹാസഭ നേതാവ് ടി.ആർ ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. നേരിൽ കണ്ട് പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും ഡി.ജിപിയുടെയും ഓഫിസിലേക്ക് നേരത്തെ ആദിവാസികൾ കത്ത് അയച്ചിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി റവന്യൂ -സർവേ ഉദ്യോഗസ്ഥർ സഹായത്തോടെ ഭൂമാഫിയകൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. മാസങ്ങൾക്ക് മുമ്പ് മന്ത്രി കെ. രാജനെ തൃശൂരിലെ വീട്ടിൽ എത്തി നേരിട്ട് കണ്ട് ആദിവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ, കത്ത് കലക്ടർക്ക് കൈമാറിയെന്ന അറിയിപ്പല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല.
അട്ടപ്പാടിയിൽ ഭൂമാഫിയ സംഘത്തിന് ഒത്താശ ചെയ്യുന്നത് സി.പി.ഐ പ്രദേശിക നോതാക്കളാണ്. റവന്യൂ, രജിസ്ട്രേഷൻ, സർവേ ഉദ്യോഗസ്ഥരെല്ലാം സി.പി.ഐയുടെ സർവീസ് സംഘടനയുടെ നേതാക്കളുമാണ്. ഈ ഉദ്യോഗസ്ഥരെല്ലാം ചേർന്നാണ് ആദിവാസി ഭൂമിക്ക് വ്യജരേഖയുണ്ടാൻ സഹായിക്കുന്നത്. മന്ത്രി കെ.രാജൻ നിയമസഭയിൽ വ്യക്തമാക്കിയത് പ്രകാരം ഒരേ ഭൂമിക്ക് ഒന്നിലധികം വ്യജ ആധാരങ്ങൾ നിലവിലുണ്ട്. ഒരേ ഭൂമിക്ക്
രണ്ടും മൂന്നും പേർ ആദിവാസികൾക്കെതിരെ പല കോടതികളിൽ കേസുകൾ ഫയൽ ചെയ്യുകയാണ്.
ആദിവാസി ഭൂമികളുടെ മേൽ വ്യാജരേഖകളുണ്ടാക്കി ഭൂമാഫിയകൾക്ക് നൽകുന്ന അട്ടപ്പാടിയിലെ
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത് പ്രകാരം 2016 ന് ശേഷം അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 65 പരാതികളാണ് ആദിവാസികൾ പൊലീസ് സ്റ്റേഷനുകളിൽ നൽകിയത്. നടപടിയൊന്നും ഉണ്ടായില്ല. അതേസമയം കൈയേറ്റക്കാർ ആദിവാസികൾക്കെതിരെ നൽകിയ പരാതികളിലെല്ലാം കേസ് എടുത്തു. പൊലീസ് നടപടികൾ സ്വീകരിച്ചു.
ആദിവാസി ഭൂമി കൈയേറുന്നവർക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് 2011ൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒരു പരാതിയിലും അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തിട്ടില്ല. പരാതികളിൽ നീതിയുക്തമായി അന്വേഷണം നടക്കുന്നില്ല. അതിനാൽ ആദിവാസികളുടെ പരാതിയിന്മേൽ നിയമപരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ചാരിറ്റബിൾ സൊസൈറ്റികളുടെയും ഫാമുകളുടെയും പേരിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് പരിധിയിലധികം ഭൂമി കൈയേറിയവരുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് ഇവർക്കൊന്നും ഭൂപരിധിയിൽ ഇളവ് നൽകിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നത് അവസാനിപ്പിക്കണം. അതിന് ഡിജിറ്റൽ സർവേ നടപ്പാക്കിയിട്ട് കാര്യമില്ല. ആദിവാസികൾ പാരമ്പര്യമായി കൃഷി ചെയ്യുന്ന ഊരുഭൂമികൾ അടക്കം സംരക്ഷിക്കണം. ഭൂമാഫിയ സംഘം ആദിവാസി ഊരുകൾക്ക് വരെ വ്യാജ ആധാരം നിർമിച്ചിരിക്കുകയാണ്. ടി.എൽ.എ കേസ് നിലനിൽക്കുന്ന ഭൂമിക്കും വ്യാജരേഖയുണ്ടാക്കുന്നു. ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമിക്ക് ടി.എൽ.എ കേസ് നിലനിൽക്കെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കി ഉത്തരവ് സമ്പദാച്ചത്. ഇത് സംബന്ധിച്ച് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും അഗളി തഹസീൽദാർ ഭൂമാഫിയയെ സബിയിക്കുകയാണ്.
2011 ൽ സുപ്രീംകോടതി ഉത്തരവായിട്ടും അഗളി വില്ലേജിൽ പൊന്നിയുടെ ഭൂമി തിരിച്ചു നിൽകാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ല. കോടതി കേസുകളിൽ കുടുക്കി ആദിവാസികളെ ഭൂമാഫിയ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയാണ്. റവന്യൂ- സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഭൂമാഫിയ സംഘങ്ങളെ സഹായിക്കുകയാണ്. ആദിവാസികളുടെ പരാകിളിന്മേൽ റവന്യൂ പ്രിൻസപ്പൽ സെക്രട്ടറി തലത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുന്നതെന്ന് ടി.ആർ ചന്ദ്രൻ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.