സീറ്റില്ലാതെ ഒാപൺ സ്കൂളിൽ ചേരുന്ന 60 ശതമാനത്തിനും തോൽവി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പഠനത്തിന് സീറ്റ് ലഭിക്കാതെ, െറഗുലർ പഠനം നിഷേധിക്കപ്പെട്ട് ഒാപൺ സ്കൂളിനെ ആശ്രയിക്കുന്ന 60 ശതമാനത്തിലധികം വിദ്യാർഥികൾക്കും പ്ലസ് ടു പരീക്ഷയിൽ പരാജയം. െറഗുലർ പഠനത്തിന് അവസരം ലഭിക്കുന്ന വിദ്യാർഥികൾ ഏഴ് വർഷത്തിനിടെ ശരാശരി 84 ശതമാനത്തിന് മുകളിൽ ജയം നേടിയപ്പോൾ ഒാപൺ സ്കൂളിൽ ചേരേണ്ടിവരുന്നവരിൽ 40 ശതമാനത്തിന് താഴെയാണ് ജയം.
ഒാപൺ സ്കൂളിൽ പ്ലസ് വൺ പഠനത്തിന് രജിസ്റ്റർ ചെയ്യുന്നവരിൽ 68 ശതമാനവും പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ നിന്നുള്ളവരാണ്. ഇവരിൽ മഹാഭൂരിഭാഗവും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സീറ്റ് ലഭിക്കാത്തവരാണ്. സ്കൂളുകളിലെ െറഗുലർ പഠനത്തിലൂടെ ഹയർ സെക്കൻഡറി കോഴ്സ് ജയിക്കാവുന്ന കുട്ടികളാണ് സമാന്തരപഠന മാർഗമായ ഒാപൺ സ്കൂളിൽ ചേരുന്നതോടെ പഠനത്തിൽ പിറകോട്ട് പോകുന്നതും പരാജയപ്പെടുന്നതും.
ഒാപൺ സ്കൂളിൽ ചേരുന്നവരിൽ എല്ലാവർഷവും ശരാശരി ആയിരം പേർ സയൻസ് ഗ്രൂപ് എടുത്ത് പഠിക്കുന്നവരാണ്. ഏഴ് വർഷത്തിനിടെ ഒാപൺ സ്കൂളിന് കീഴിൽ പ്ലസ് ടു പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,54,706 പേരാണ്. ഇതിൽ 2,76,858 പേരും പരാജയപ്പെട്ടപ്പോൾ 1,74,245 പേർക്കാണ് ഉപരിപഠന യോഗ്യത നേടാൻ കഴിഞ്ഞത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒാപൺ സ്കൂളിൽ ചേരുന്ന മലപ്പുറം ജില്ലയിൽനിന്ന് ഏഴുവർഷത്തിനിടെ 1,35,600 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇവരിൽ 84,442 പേരും (62.27 ശതമാനം) പരാജയപ്പെട്ടു. 2021ൽ െറഗുലർ വിദ്യാർഥികൾക്ക് പ്ലസ് ടു പരീക്ഷയിൽ 87.94 ശതമാനമാണ് ജയമെങ്കിൽ ഒാപൺ സ്കൂളിൽ 53 ശതമാനമാണ്. 2015ൽ 35.95, '16ൽ 29.74, '17ൽ 31.89, '18ൽ 37.51, '19ൽ 43.48, '20ൽ 43.64 എന്നിങ്ങനെയാണ് ഒാപൺ സ്കൂളിലെ പ്ലസ് ടു വിജയം. '21ൽ ഒാപൺ സ്കൂളിന് കീഴിൽ പഠിച്ച് 621 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും േനടി.
സീറ്റില്ലാതെ ഒാപൺ സ്കൂളിൽ പോകാൻ നിർബന്ധിതരാകുന്ന കുട്ടികളിൽ മഹാഭൂരിഭാഗവും മതിയായ പഠന സൗകര്യമില്ലാതെ തോറ്റ് പുറത്തുപോവുകയാണ്. ഇവർക്ക് ഉപരിപഠനം വഴിമുട്ടി വിദ്യാഭ്യാസം പ്ലസ് ടു തലത്തിൽ ഉപേക്ഷിച്ച് പോകേണ്ടിയും വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.