അനുഭവസമ്പത്തുമായി ഡോ വി വേണു
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ സുപ്രധാന തസ്തികകൾ വഹിച്ച അനുഭവ സമ്പത്തുമായാണ് ഡോ. വി. വേണു ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. അഭിപ്രായം തുറന്നു പറയുന്നതിന് മടിക്കുകയോ മുഖം നോക്കുകയോ ചെയ്യാത്ത ആളാണ് അദ്ദേഹം. റവന്യൂ സെക്രട്ടറിയായിരിക്കെ തന്റെ കീഴിൽ വരുന്ന സർവേ ഡയറക്ടറെ മാറ്റിയതിൽ അദ്ദേഹം എടുത്ത കടുത്ത നിലപാട് ഭരണ ഉന്നതങ്ങളെ പൊള്ളിച്ചു. സർക്കാർ ഉദ്യോഗസ്ഥന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങാതെ തന്റെ ശരികൾ അദ്ദേഹം പ്രകടിപ്പിക്കുകതന്നെ ചെയ്തു.
കവിയും എഴുത്തുകാരനുമായ ഡോ. വി.പി. ജോയിക്ക് പിൻഗാമി നടനും എഴുത്തുകാരനുമായ ഉദ്യോഗസ്ഥൻ എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം മിക്കപ്പോഴും മുണ്ട് ധരിച്ചാണ് ഓഫിസിൽ എത്തുന്നത്. വൈദ്യശാസ്ത്ര രംഗത്തുനിന്ന് സിവിൽ സർവിസിൽ എത്തിയ അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയം, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലും പഠിച്ച അദ്ദേഹം അക്കാലത്ത് നാടക അരങ്ങുകളിലും സജീവമായിരുന്നു. സിവിൽ സർവിസിൽ ആദ്യം ഐ.ആർ.എസാണ് ലഭിച്ചത്. 1990ൽ ഐ.എ.എസ് ലഭിച്ചു.
ടൂറിസം, സാംസ്കാരിക രംഗങ്ങളിൽ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടൽ നടത്തി. ടൂറിസം ഡയറക്ടറായും സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ച കാലത്താണ് സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വാണിജ്യപരമായ മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ - പൊതുമേഖല ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തത്. ‘കേരള ട്രാവൽ മാർട്ട്’ എന്ന ആശയത്തിന് പിന്നിൽ അദ്ദേഹമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പ്രേരണ നൽകിയതും അദ്ദേഹമായിരുന്നു.
‘ആൻ ഇൻട്രൊഡക്ഷൻ ടു ദ ബിസിനസ് ഓഫ് ടൂറിസം’ എന്ന പേരിൽ അദ്ദേഹമെഴുതിയ പുസ്തകം ടൂറിസം വിദ്യാർഥികൾക്ക് ആധികാരിക ഗ്രന്ഥമാണ്. 2007 മുതൽ 2011 വരെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച കാലത്താണ് ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ആരംഭിച്ചത്.
കേരളം മ്യൂസിയം എന്ന പേരിൽ പുതിയ മ്യൂസിയം നിർമിക്കുന്നതും ഇക്കാലത്താണ്. മ്യൂസിയങ്ങൾ, പുരാരേഖകൾ എന്നിവയുടെ സംരക്ഷണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്സിക്യൂട്ടിവായി സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനർനിർമാണം സംബന്ധിച്ച് ലോകബാങ്കുമായി ചർച്ചകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.