പി. കൃഷ്ണമ്മാൾ; സമരഭൂമിയിലെ ഉരുക്കുവനിത
text_fieldsമോദി ഭരണകൂടത്തിനെതിരായ സന്ധിയില്ലാ സമരം നടക്കുന്ന ഗാസിയാബാദിലെ കർഷക പ്രക്ഷോഭ നഗരിയിലാണ് സംഭവം. പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് അടക്കമുള്ളവർ വേദിയിലുണ്ട്. ആ വേദിയിൽവെച്ചാണ് ടികായത്ത് കൃഷ്ണമ്മാളിെൻറ കൈപിടിച്ച് 'ദി അയേൺലേഡി' എന്നു പ്രക്ഷോഭകർക്ക് പരിചയപ്പെടുത്തിയത്. കർഷക സമരത്തിൽ മാത്രമല്ല, സർവ സമരഭൂമികളിലും ഉരുക്കുവനിതയായിരുന്നു കൃഷ്ണമ്മാളെന്ന് ആ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കുന്ന ആർക്കും മനസിലാകും.
കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയായ കൃഷ്ണമ്മാൾ കാഞ്ഞിരംവിള വീട്ടിൽ പങ്കജാക്ഷിയുടെയും ഇടമുളയ്ക്കൽ രാഘവനാചാരിയുടെയും മകളാണ്. സി.പി.എമ്മിലൂടെ പൊതുരംഗത്തെത്തി. അമ്മ കശുവണ്ടിത്തൊഴിലാളി യൂനിയൻ പ്രവര്ത്തകയായിരുന്നു. അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടി മെംബറും.
കശുവണ്ടി മേഖലയിലാണ് ആദ്യകാലത്ത് ശക്തമായ ഇടപെടലുകൾ നടത്തിയത്. അതിശക്തമായ തൊഴിൽ സമരങ്ങൾക്ക് മേഖലയിൽ നേതൃത്വം കൊടുക്കേണ്ടി വന്നിട്ടുണ്ട്. സമരരംഗത്തുനിന്ന് തൊഴിലാളികളോടൊപ്പം നിരവധി തവണ ജയിലിൽ പോവേണ്ടിയും വന്നു. ഒരാഴ്ച മുതൽ 10 ദിവസം വരെ പലപ്പോഴും ജയിൽവാസമനുഭവിച്ചിട്ടുമുണ്ട്. പോലീസ് മർദനങ്ങൾക്കും ഇരയായി.
35 വർഷത്തോളം അടഞ്ഞുകിടഞ്ഞ പുനലൂർ പേപ്പർ മില്ല് തുറന്നു പ്രവർത്തിക്കുന്നതിനായി നടന്ന സമരത്തിന് നേതൃത്വം നല്കിയതും കൃഷ്ണമ്മാളായിരുന്നു. ആൾ കേരള ഗാർഹിക തൊഴിലാളി യൂനിയൻ, കേരള സ്റ്റേറ്റ് ക്ലീനിങ് ഡെസ്റ്റിനേഷൻ വർക്കേഴ്സ് യൂനിയൻ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖലയിലുള്ള ക്ലീനിങ് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ശമ്പളം 2,500 രൂപയിൽനിന്ന് 10,500-12,000 വരെയായി ഉയർത്തിയതിനു പിന്നിൽ കൃഷ്ണമ്മാൾ എന്ന തൊഴിലാളി സ്നേഹിയുടെ നിരന്തരമായ ഇടപെടലും പ്രയത്നവുമായിരുന്നു. റെയിൽവേ മേഖലയിലെ ക്ലീനിങ് തൊഴിലാളികളെയും സംഘടിപ്പിക്കുന്ന ശ്രമത്തിലാണ് കൃഷ്ണമ്മാൾ.
നാലുവർഷം മുമ്പുവരെ കൊച്ചിൻ നേവൽ ബേസിലെ നൂറുകണക്കിന് ഗാർഹിക തൊഴിലാളികളുടെ മാസവേതനം 300-400 രൂപ മാത്രമായിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നതിനു പിന്നിലും കൃഷ്ണമ്മാളെന്ന തൊഴിലാളി സ്നേഹിയായിരുന്നു. ഭർത്താവും ഏകമകനും മരണപ്പെട്ടതോടെ മുഴുവൻ സമയ തൊഴിലാളി പ്രവർത്തനത്തിൽമുഴുകിയിരിക്കുകയാണ് ഇൗ 71കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.