ഒഴിവുകൾ പതിനായിരത്തോളം; സ്ഥിരാധ്യാപക നിയമനനടപടി ഇഴയുന്നു
text_fieldsതിരുവനന്തപുരം: അധ്യയനവർഷം പിറന്ന് രണ്ടുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപക തസ്തികളിലേക്ക് സ്ഥിരം നിയമന നടപടികൾ ഇഴയുന്നു. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ഹയർ സെക്കൻഡറികളിൽ ഉൾപ്പെടെ പതിനായിരത്തോളം ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഒഴിവുകളിലേക്ക് അടിയന്തരമായി ദിവസവേതനത്തിന് അധ്യാപകനിയമനം നടത്താൻ നിർദേശിച്ചിരുന്നു. ഒട്ടേറെ താൽക്കാലിക നിയമനങ്ങൾ നടന്നെങ്കിലും സ്ഥിരം നിയമനം വൈകുകയാണ്. സർക്കാർ സ്കൂളിൽ പതിനായിരത്തിൽ താഴെ അധ്യാപക ഒഴിവുണ്ടെന്നാണ് ഏകദേശ കണക്ക്. തസ്തികനിർണയ നടപടികൾ വൈകുന്നതും നിയമനത്തിന് തടസ്സമാവുകയാണ്.
ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ്. അധിക തസ്തികകൾ അനുവദിച്ച് കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം ആഴ്ചകൾക്ക് മുമ്പാണ് സർക്കാർ പൂർത്തിയാക്കിയത്. ഇതുപ്രകാരം അധിക അധ്യാപകരെ പുനർവിന്യസിച്ചാലും 1463 പുതിയ തസ്തികകൂടി സർക്കാർ സ്കൂളുകളിൽ ആവശ്യമാണ്.
ഹയർ സെക്കൻഡറിയിലേക്ക് സംസ്ഥാനതല പട്ടികയിൽനിന്നും പ്രൈമറി, ഹൈസ്കൂൾ തസ്തികകളിലേക്ക് ജില്ലതല പട്ടികയിൽനിന്നുമാണ് നിയമനം. മിക്ക ജില്ലകളിലും ഭൂരിഭാഗം തസ്തികകളിലേക്കും പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും നിയമനത്തിൽ മെല്ലെപ്പോക്കാണ്.
ഭിന്നശേഷി സംവരണക്കുരുക്കിൽ അകപ്പെട്ട് എയ്ഡഡ് സ്കൂളുകളിൽ 9000ലധികം അധ്യാപകരുടെ നിയമനാംഗീകാരവും തടയപ്പെട്ടിട്ട് മൂന്നുവർഷം പിന്നിട്ടു.
സാമ്പത്തിക പ്രതിസന്ധികാലത്ത് ഖജനാവിന് ഭാരം കുറക്കാനാണ് സർക്കാർ ആയിരക്കണക്കിന് അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.