18 വയസ്സായാൽ പൂർണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കില്ല, മാനസിക വളർച്ചക്ക് 25 തികയണം -ആരോഗ്യ സർവകലാശാല
text_fieldsകൊച്ചി: ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഹോസ്റ്റൽ എന്നാൽ, ഹോട്ടലല്ലെന്നും ആരോഗ്യ സർവകലാശാല ഹൈകോടതിയിൽ. രാത്രി ലൈഫ് വിദ്യാർഥികൾക്കുള്ളതല്ല. വീട്ടിൽപോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർവകലാശാല വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ രാത്രി 9.30ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ചോദ്യം ചെയ്യുന്ന ഹരജിയിലാണ് വിശദീകരണം.
'18 വയസ്സായി എന്നതുകൊണ്ട് മാത്രം മാനസികമായി പൂർണ വളർച്ചയെത്തുന്നില്ല. അതിന് 25 വയസ്സാകണമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ, 18 വയസ്സായതുകൊണ്ട് പൂർണസ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാകില്ല. വിദ്യാർഥികളാണെന്നതിനാൽ അവർ ആവശ്യത്തിന് ഉറങ്ങണം' -സർവകലാശാല നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
അതേസമയം, സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ-പെൺ ഭേദമില്ലാതെ വിദ്യാർഥികൾക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
രാവിലെ എട്ടിന് ക്ലാസുകൾ ആരംഭിച്ച് രാത്രി 9.30ഓടെ അക്കാദമിക് പ്രവർത്തനങ്ങൾ അവസാനിക്കുന്ന തരത്തിലെ പാഠ്യക്രമമായതിനാൽ വിദ്യാർഥികൾക്ക് മതിയായ വിശ്രമം ആവശ്യമാണ്. ഇതുകൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളും മറ്റും കണ്ടില്ലെന്ന് നടിക്കാനാകില്ല. എൻജിനീയറിങ് കോളജ് പോലെയല്ല, ഒട്ടേറെ പേർ എത്തുന്ന മെഡിക്കൽ കോളജുകൾ. നിയന്ത്രണങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ താൽപര്യവും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ഹരജിയെന്നും ഹരജിക്കാർ വിദ്യാർഥികളുടെയാകെ പ്രതിനിധികളല്ലെന്നും വിശദീകരണത്തിൽ പറയുന്നു.
ആൺ-പെൺ ഭേദമില്ലാത്ത പുതിയ ഉത്തരവ് സ്വാഗതാർഹമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, രാത്രി 9.30ന് ശേഷം ആവശ്യമുണ്ടെങ്കിൽ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാനാകുമോയെന്ന കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടെന്ന് കോടതി അറിയിച്ചപ്പോൾ അടിയന്തര ആവശ്യമുണ്ടെങ്കിൽ രാത്രി 9.30ന് ശേഷം വാർഡന്റെ അനുമതിയോടെ പുറത്ത് പോകാൻ അനുവദിക്കുന്നുണ്ടെന്ന് സർവകലാശാല അറിയിച്ചു. കയറുന്ന കാര്യത്തിലെ ഇളവ് പുറത്തുപോകുന്ന കാര്യത്തിലും വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
എല്ലാ ഹോസ്റ്റലിലും റീഡിങ് റൂം വേണമെന്ന് സർക്കാറിന്റെ പുതിയ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ സൗകര്യം ലഭ്യമല്ല. ഈ സാഹചര്യത്തിൽ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിച്ചു. ഇപ്പോൾ രാത്രി ഒമ്പതിന് പ്രധാന റീഡിങ് റൂമിന്റെ പ്രവർത്തനം അവസാനിക്കുമെന്നും സമയം ദീർഘിപ്പിക്കണമെങ്കിൽ കൂടുതൽ ജീവനക്കാർ വേണ്ടിവരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.