ചിന്തൻ ശിബിരത്തിന് കല്ലുകടിയായി മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കൽ; മാനസികമായി തളര്‍ത്തില്ലെന്ന് സുധാകരൻ
text_fieldsകോഴിക്കോട്: കോൺഗ്രസിനെ പുനരജ്ജീവിപ്പിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കൽ പാർട്ടിക്ക് കല്ലുകടിയായി. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമാണ് ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിന്നത്. ഇവരടക്കം അഞ്ച് നേതാക്കൾ പങ്കെടുക്കാത്തതിന്റെ കാരണവും നേതൃത്വത്തെ അറിയിച്ചിട്ടില്ല.
കെ.പി.സി.സി നേതൃത്വത്തോടുള്ള കടുത്ത എതിർപ്പിനെ തുടർന്നാണ് മുല്ലപ്പള്ളി കോഴിക്കോട്ടുണ്ടായിട്ടും പങ്കെടുക്കാതിരുന്നത്. മുല്ലപ്പള്ളിയെയും വി.എം. സുധീരനെയും കാര്യമായി പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. അതേസമയം, ഇരുവരും വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണെന്നും ദുഃഖമില്ലെന്നുമാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ വളരെ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോള്‍ മാറിനില്‍ക്കുന്നത് നേതാക്കൾ സ്വയം ആലോചിക്കണം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതില്‍ നമുക്കൊരു ദുഃഖവുമില്ല. ഐ.എന്‍.ടി.യു.സി പരിപാടിയില്‍ പങ്കെടുക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇഷ്ടമാണ്.
ചിന്തന്‍ ഷിബിരത്തിലേക്ക് നമുക്ക് അപേക്ഷിക്കാന്‍ പറ്റൂ. അദ്ദേഹമത് വേണ്ടെന്ന് വച്ചു. ഇതൊന്നും നമ്മളെ മാനസികമായി തളര്‍ത്തില്ല. രണ്ട് വ്യക്തികളൊഴികെ മുഴുവൻ നേതാക്കളും ഒരേ മനസ്സോടെയും അഭിപ്രായ ഐക്യത്തോടെയുമാണ് മുന്നോട്ടു പോകുന്നത്. കോൺഗ്രസിന്‍റെ ശൈലിയും ഘടനയും ലക്ഷ്യവും മാറും. പാർട്ടി പുനഃസംഘടനാ നടപടികളിൽ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളായ തെന്നല ബാലകൃഷ്ണ പിള്ള, എ.കെ. ആന്റണി, വയലാർ രവി, പി.പി. തങ്കച്ചൻ, ആര്യാടൻ മുഹമ്മദ്, കെ. ബാബു, സതീശൻ പാച്ചേനി എന്നിവർ അസുഖം കാരണമാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നത്. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ശബരീനാഥന്റെ കല്യാണമായതിനാൽ കെ. മുരളീധരൻ എം.പി ഉദ്ഘാടന ചടങ്ങിനുണ്ടായിരുന്നില്ല. അതേസമയം, ഉച്ചതിരിഞ്ഞ് വടകരയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത ചടങ്ങിൽ മുരളീധരൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.