കേരള ഫോക് ലോർ അക്കാദമി അവാർഡ് തിളക്കത്തിൽ അബു കെൻസ
text_fieldsകൽപകഞ്ചേരി: കവികളിൽ ശ്രദ്ധേയനായ കൽപകഞ്ചേരി പന്താവൂർ സ്വദേശിയായ മാളിയേക്കൽ അബു കെൻസ (ഫൈസൽ കൻമനം) കേരള ഫോക് ലോർ അക്കാദമി 2022 വർഷത്തെ അവാർഡിന് അർഹനായി. 28 വർഷത്തോളമായി മാപ്പിളപ്പാട്ട് രചനാരംഗത്തും മാപ്പിളകലകളായ ഒപ്പന, വട്ടപ്പാട്ട് കോൽക്കളി എന്നീ ഇനങ്ങൾക്കാവശ്യമായ ഗാനരചനയിലും മാപ്പിള കലകളുടെ പരിശീലനരംഗത്തും പ്രാഗൽഭ്യം തെളിയിച്ച കലാകാരനാണ് ഇദ്ദേഹം.
യുവ മാപ്പിളപ്പാട്ട് കവി, ഗാനരചയിതാവ്, ഗായകൻ, നിമിഷ കവി, സംഗീതജ്ഞൻ, ഗവേഷകൻ, സംഘാടകൻ, ഫോട്ടോ ജേണലിസ്റ്റ്, പ്രോഗ്രാം കോഓഡിനേറ്റർ എന്നീ തലങ്ങളിൽ പ്രവർത്തിക്കുന്ന അബു കെൻസയുടെ ഒട്ടേറെ മാപ്പിളപ്പാട്ടുകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയം നേടിയിട്ടുണ്ട്. തനത് മാപ്പിളപ്പാട്ട് രചനകളിൽ പ്രശസ്തമായ മക്കാബഖൂർ വല്ലാഹീ, ഖത്താബിൻതരുൾ, സുലൈമാൻ ക്വിസ്സ, മുറ്സലിൽ നെബി മൂസ, അയ്യൂബ് നബി ക്വിസ്സ, മൂസ ചരിതം, കുഞ്ഞാലി മരക്കാർ, കതിർ കത്തും, കേരള ചരിത്രം, സ്വർഗപ്പാട്ട്, കേരള മാപ്പിള ചരിത്രം, ബലാ ഉൽ ഹിന്ദ് തുടങ്ങി നിരവധി രചനകൾ ഇദ്ദേഹത്തിന്റ സൃഷടികളാണ്. ‘പടച്ചവന്റെ പടപ്പുകളുടെ പിടപ്പറിയിക്കാൻ പടപഠിക്കണമെന്ന് ചൊന്നതേതു മതമാ’ എന്ന മതസൗഹാർദ രചന മഹാകവി അക്കിത്തത്തിന്റെ മുമ്പിൽ അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചു.
സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ ഇശൽ രത്ന അവാർഡ്, വടകര കൃഷ്ണദാസ് പുരസ്കാരം, കോർവ പുരസ്കാരം, പുലിക്കോട്ടിൽ പുരസ്കാരം, മാമാങ്ക പുരസ്കാരം, തുഞ്ചൻ കലാപുരസ്കാരം, ഇശൽ പുരസ്കാരം, മക്കാസപുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജമീലിന്റെ പൂവൻകോഴി എന്ന സിനിമയിൽ ഗാനരചന നിർവഹിക്കുകയും ഷഹദ് സംവിധാനം ചെയ്യുന്ന ദൂരം സിനിമയിലേക്ക് ഇദ്ദേഹത്തിന്റെ ‘മരണം’ എന്ന കവിത തെരഞ്ഞെടുക്കുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ പൈതൃക രചന പുരസ്കാരം ജനുവരി 21 തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
തുഞ്ചൻ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള മാപ്പിളകലാ അക്കാദമി ഓർഗനൈസിങ് സെക്രട്ടറി, അക്ഷരപ്പുറം ജില്ല പ്രവർത്ത സമിതി അംഗം, മുർശിദീ ഇശൽ ബിശാറ കലാ സാഹിത്യ സംഘം സംസ്ഥാന കലാ കൺവീനർ, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ഷാഹിദ. മക്കൾ: കെൻസ, അസ്ബ് അഹമ്മദ്, ഇഷീക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.