അയ്യൻകാളിക്കെതിരായ അധിക്ഷേപം: നടപടിയെടുക്കാൻ കഴിയാത്തത് ഗുരുതര വീഴ്ച - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: അയ്യൻകാളിയെ അധിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടരുന്ന അധിക്ഷേപങ്ങൾ സംസ്ഥാന സർക്കാറും പൊലീസും കണ്ടില്ലെന്ന് നടിക്കുന്നത് കേരളത്തിന് അപമാനമാണ്. അധിക്ഷേപം നടത്തുന്ന ജാതി വെറിയന്മാരുടെത് വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള കുറ്റകരമായ പ്രവർത്തനമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
പരസ്യമായ അധിക്ഷേപങ്ങളുണ്ടായിട്ടും നിരവധി പരാതികൾ ലഭിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനാവാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം വരേണ്യതയോടുള്ള കീഴ്പ്പെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ നടപടികൾ ശക്തമാക്കുന്നതിന് ജനപ്രതിനിധികളടക്കമുള്ളവർ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെ നേരിൽ കണ്ട് അന്വേഷണ നടപടികൾ ഊർജിതമാക്കാൻ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ടതായും റസാഖ് പാലേരി അറിയിച്ചു. സംസ്ഥാന ട്രഷറർ കെ.സജീദ് ഖാലിദ്, സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.