ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ഉപദ്രവിച്ച സംഭവം; ആയമാരുടെ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ ആയമാരുടെ ജാമ്യാപേക്ഷ തള്ളി കോടതി. റിമാൻഡിൽ കഴിയുന്ന ആയമാരായ എസ്.കെ. അജിത, എൽ. മഹേശ്വരി, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി.
കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റു രണ്ട് ആയമാര്‍ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു. കുട്ടിയെ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ശിശുക്ഷേമ സമിതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മ്യൂസിയം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒരാഴ്ചക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.
108 ആയമാരാണ് ശിശുക്ഷേമ സമിതിയിലുള്ളത്. എല്ലാവരും താല്‍ക്കാലിക ജീവനക്കാരാണ്. വർഷങ്ങളായി ആയമാരായി ജോലി ചെയ്തുവരുന്നവരാണ് അറസ്റ്റിലായ മൂന്ന് പേരും. ഇവരാണ് മുറിവേറ്റ കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്നത്. അമ്മ മരിച്ചതിനു പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്നാണ് രണ്ടരവയസുകാരിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. കുട്ടി സ്ഥിരമായി കിടക്കയില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു. തുടർന്ന് അജിത കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. മറ്റ് രണ്ട് പേർ ഈ വിവരം മറച്ചുവെയ്ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.