മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; സുരേഷ് ഗോപിക്കെതിരെ കേസ്
text_fieldsതൃശൂര്‍: ചേലക്കരയിൽ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി മീഡിയ പാനലിസ്റ്റായ വി.ആര്‍. അനൂപ് നൽകിയ പരാതിയിൽ
ചേലക്കര പൊലീസാണ് കേസെടുത്തത്. ചേലക്കരയിലെ ബി.ജെ.പി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. നേരത്തെ, സി.പി.ഐ നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് കേസെടുത്തത്.
മനുഷ്യ ജീവന് ഹാനി വരാൻ സാധ്യതയുള്ള തരത്തിൽ ആംബുലൻസിൽ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. 2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ പൂരനഗരിയിലേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു ആദ്യം സുരേഷ് ഗോപിയുടെ വാദം. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് ആവർത്തിക്കുകയും ചെയ്തു. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
ഒടുവിൽ ആംബുലൻസിൽ കയറിയെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയത് എന്നായിരുന്നു പിന്നീട് സുരേഷ് ഗോപിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.