സംഘ്പരിവാർ അനുകൂലികളെ കൂട്ടത്തോടെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാൻ എ.ബി.വി.പി
text_fieldsതിരുവനന്തപുരം: സംഘ്പരിവാറിനെതിരായ പ്രതിഷേധങ്ങൾക്ക് തടയിടാൻ സംഘ് അനുകൂലികളായ കൂടുതൽ വിദ്യാർഥികളെ കേന്ദ്രസർവകലാശാലകളിൽ എത്തിക്കാനുള്ള നീക്കവുമായി എ.ബി.വി.പി. ഇതിനായി മേയ് മുതൽ ഓൺലൈൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിന്‍റെയും സംഘ്പരിവാറിന്റെയും തെറ്റായ നയങ്ങൾക്കെതിരെ കേന്ദ്ര സർവകലാശാലകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രം. കുട്ടികളെ ഇതിനായി പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ അനുകൂല സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എ.ബി.വി.പി കത്തയച്ചു.
മതസാമുദായിക സംഘടനകളുടെ ബോധപൂർവവും ആസൂത്രിതവുമായ നീക്കത്തിലൂടെ കുറച്ചുവർഷങ്ങളായി ദേശവിരുദ്ധ നിലപാടുകളുള്ള വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറക്കാൻ ശ്രമം നടത്തുകയാണെന്ന് എ.ബി.വി.പി സംസ്ഥാന സമിതി ആരോപിക്കുന്നു. പൗരത്വ ഭേദഗതിബിൽ വിരുദ്ധ പ്രക്ഷോഭ മുൻനിരയിൽ നിന്നത് കേരളത്തിൽനിന്നുള്ള വിദ്യാർഥികളായിരുന്നു. കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ ദേശീയ ബോധമുള്ള കൂടുതൽ വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാനാണ് സംഘടന തീരുമാനമെന്നും കത്തിൽ പറയുന്നു.
രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലേക്കും ഡൽഹി യൂനിവേഴ്സിറ്റി, ജെ.എൻ.യു, ജാമിഅ മില്ലിയ തുടങ്ങിയ സർവകലാശാലകളിലേക്കും ബിരുദ കോഴ്സ് പ്രവേശനത്തിന് ഈ വർഷം മുതൽ കേന്ദ്ര സർക്കാർ ഏകജാലക സംവിധാനം നടപ്പാക്കുകയാണ്. 13 ഭാഷകളിലായി രാജ്യത്തെ 154 കേന്ദ്രങ്ങളിലാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.