ഇവിടെ ‘കൂളാ’ണ് കുഞ്ഞുങ്ങൾ
text_fieldsമുക്കം: ശീതീകരിച്ച ക്ലാസ്മുറിക്കുള്ളിൽ ചൂടും പുകച്ചിലുമില്ലാതെ കുഞ്ഞുകുട്ടികൾ കൂളാണിവിടെ. മിക്ക അംഗൻവാടികളും നേരിടുന്ന പൊടിശല്യവും ഈച്ച ശല്യവും ഇവിടില്ല. വേനൽചൂടിൽ ഞെരിപിരി കൊണ്ടും കാലവർഷത്തിൽ ഭീതിയിലും കഴിയുന്ന അംഗൻവാടികൾക്കിടിയിൽ വേറിട്ടൊരു മാതൃകയാവുകയാണ് കോഴിക്കോട് ജില്ലയിലെ മുക്കം കാരശ്ശേരി പഞ്ചായത്ത് 13ാം വാർഡ് നെല്ലിക്കാപറമ്പ് അംഗൻവാടി. എയർ കണ്ടീഷൻ റൂം, ഇൻറർലോക്ക് ചെയ്ത മുറ്റം, മനോഹരമായ ടൈലുകൾ പാകിയ നിലവും ഭിത്തിയും, മികച്ച അടുക്കള, മുന്തിയ ടോയിലറ്റ് സംവിധാനം, മനോഹരമായ ചുറ്റുമതിൽ തുടങ്ങിയവയാണ് ഈ അംഗൻവാടിയെ വേറിട്ടതാക്കുന്നത്.
ഭക്ഷണം പാകംചെയ്യാനായി പുകയില്ലാത്ത അടുപ്പും ഗ്യാസ് അടുപ്പം ഉൾപ്പെടെ മികച്ച അടുക്കള. കൊച്ചു കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടോയിലറ്റ്. കുഞ്ഞുങ്ങളുടെ സുരക്ഷക്കായി ചുറ്റുമതിലും ഒപ്പം ഒരു കുഞ്ഞു ഗേറ്റുമുണ്ട്. കളിപ്പാട്ടങ്ങളും ധാരാളം. നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് 2015ലാണ് അംഗൻവാടി യാഥാർഥ്യമാക്കിയത്. കാരശ്ശേരി പഞ്ചായത്തും നെല്ലിക്കാംപറമ്പ് കൊത്തനാപറമ്പ് നിവാസികളുടെയും അക്ഷീണ പ്രയത്നം പിന്നിലുണ്ട്. നേരത്തെ, വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്കുവേണ്ടി ഫണ്ട് ലഭ്യമാക്കാനും സ്ഥലം വാങ്ങാനുമൊക്കെ പഞ്ചായത്തും നാട്ടുകാരും ചേരുകയായിരുന്നു. പിന്നീട് പഞ്ചായത്ത് നാല് സെൻറ് സ്ഥലം വാങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിെൻറ 10 ലക്ഷം രൂപ കൂടി ലഭിച്ചതോടെ പുത്തൻ കെട്ടിടം നിർമിച്ചു.
മുൻ പഞ്ചായത്തംഗം റഷീദ് കണിയാത്താണ് എയർ കണ്ടീഷൻ ഘടിപ്പിക്കാൻ സഹായം നൽകിയത്. ഇൻറർലോക്ക് വിരിക്കാനും കെട്ടിട നിർമാണത്തിെൻറ അധികച്ചെലവ് നൽകിയതും നാട്ടുകാർ തന്നെ. കുട്ടികളെ ചേർത്താനായി കൂടുതൽ രക്ഷിതാക്കൾ അംഗൻവാടിയെ സമീപിക്കുന്ന അവസ്ഥയാണിപ്പോൾ. നിലവിൽ 28 കുട്ടികൾ പഠിക്കുന്നുണ്ടിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.