‘എ.സി. മൊയ്തീനും സംഘവും നടത്തിയത് 29 കോടിയുടെ കൊള്ള, സത്യവാങ്മൂലത്തിലേത് തെറ്റായ വിവരം’; ആരോപണങ്ങളുമായി അനിൽ അക്കര
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കര. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പണം പലിശക്ക് കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശ് എന്നിവർ എ.സി. മൊയ്തീന്റെ ബിനാമികളാണെന്ന് അദ്ദേഹം തൃശൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയത്.
എ.സി മൊയ്തീന് 30 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നാണ് പറയുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, മച്ചാട് സ്വയംസഹായസകരണ സംഘം എന്നിവിടങ്ങളിലാണ് ഇതുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. കൈയിലുള്ള ആറുഗ്രാമിന്റെ മോതിരം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടര ലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കില്‍ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണ്. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക അദ്ദേഹത്തിന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇല്ല. ഇത്രയും വലിയ സംഖ്യ, ചെറിയ സഹകരണസംഘത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമോയെന്ന് അനില്‍ അക്കര ചോദിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട് പണിയാൻ കൊണ്ടുവന്ന പണത്തിൽ അഴിമതി നടത്തിയപ്പോൾ അതിനെ നിയമപരമായി ചോദ്യം ചെയ്തതിന് എന്നെ വീടു മുടക്കി എന്നു വിളിച്ച എ.സി. മൊയ്തീൻ, നൂറു കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് വഴിമുടക്കിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ കരുവന്നൂർ പ്രദേശത്തെ ഇത്രയധികം പേരുടെ ജീവിതം മുടക്കിയ മൊയ്തീനെതിരെ എന്തു നടപടിയാണ് പിണറായി വിജയന്റെ സർക്കാർ സ്വീകരിക്കുകയെന്നും അനിൽ അക്കര ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.