എ.സി. മൊയ്തീൻ മുഖ്യ പ്രതിപ്പട്ടികയിലേക്ക്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീൻ എം.എൽ.എയെ പ്രതിയാക്കിയാക്കും.
ബിനാമികൾക്ക് വായ്പ തരപ്പെടുത്തിയതിൽ മൊയ്തീന് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ നിലവിൽ 18 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. മൊയ്തീനെ മുഖ്യപ്രതികളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച പുലരുവോളം മൊയ്തീന്റെയും ബിനാമികളെന്ന നിലയിൽ കോലഴി സ്വദേശി സതീശ് കുമാർ, ചേർപ്പിൽ താമസിക്കുന്ന അനിൽ സേഠ്, പി.പി. കിരൺ, സി.എം. റഹീം എന്നിവരുടെ വീടുകളിലടക്കം ഇ.ഡി പരിശോധന നടത്തിയിരുന്നു. ബാങ്ക് ഇടപാട് രേഖകൾ, വസ്തു ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. ബിജു കരീമുമായുള്ള വാട്സ്ആപ്പ് ചാറ്റുകളിലും ഫോൺവിളികളിൽ നിന്നുമാണ് സാമ്പത്തിക ഇടപാടുകളിൽ മൊയ്തീന് ബന്ധമുണ്ടെന്ന വിലയിരുത്തലിൽ എത്തിയത്.
ഇടപാട് സമയത്തെ ഫോൺവിളികൾ സംശയകരമാണെന്നും വാട്സ്ആപ്പ് ചാറ്റുകളിലെ വിനിമയങ്ങളും ബിനാമി ഇടപാടുകളെ സാധൂകരിക്കുന്നതുമാണെന്നാണ് വിലയിരുത്തൽ. ഇതാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് മൊയ്തീനെ എത്തിച്ചിരിക്കുന്നത്.
സതീശ്കുമാർ, അനിൽ സേഠ് എന്നിവരെ വ്യാഴാഴ്ച ഇ.ഡി കൊച്ചി ഓഫിസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇവരുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൊയ്തീന് ഹാജരാവാനുള്ള നിർദേശം.
നിലവിൽ ബിനാമി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് നടപടി. ഇതിൽ മുൻകൂർ ജാമ്യത്തിന് നിയമമില്ല. അറസ്റ്റിന് ശേഷമേ ജാമ്യനടപടികൾക്ക് സാധ്യതയുള്ളൂ. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഹാജരാവാനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വം നിയമവിദഗ്ധരുമായി ചർച്ച നടത്തുന്നുണ്ട്.
മൊയ്തീനെതിരെ ഇ.ഡി വേട്ട -എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: എ.സി. മൊയ്തീനെതിരായ ഇ.ഡി റെയ്ഡ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടക്കുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൊയ്തീന്റെ വീട്ടിൽനിന്ന് എന്താണ് പിടിച്ചതെന്നുപോലും പറയാൻ കഴിഞ്ഞിട്ടില്ല.
അക്കൗണ്ട് മരവിപ്പിക്കൽ ആർക്കും എപ്പോഴും ചെയ്യാവുന്ന കാര്യമാണ്. കരുവന്നൂരിൽ നടന്നത് പാർട്ടി അംഗീകരിക്കുന്നില്ല. സഹതാപതരംഗത്തിൽ പുതുപ്പള്ളിയിൽ ഈസി വാക്കോവർ എന്ന യു.ഡി.എഫ് പ്രതീക്ഷ അസ്ഥാനത്തായി. വികസനത്തിനായി ശ്രമിക്കുന്നവരും വികസന വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ജെയ്ക്ക് സി. തോമസ് ജയിക്കും. കേരളത്തിൽ സി.പി.എമ്മിനെതിരാകുമ്പോൾ ഇ.ഡി ശരി. കോൺഗ്രസിനെതിരാകുമ്പോൾ തെറ്റ് എന്ന വിചിത്ര സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.
മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഇ.ഡി ചോദ്യം ചെയ്തത്. അതിൽ മാധ്യമങ്ങൾ ഒരു വാർത്തയും നൽകിയില്ല. ചർച്ച സംഘടിപ്പിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.