വൈദ്യുതി ലാഭിക്കാൻ എ.സി ‘സെറ്റ്@26 കാമ്പയിൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വർധിക്കുന്ന വൈദ്യുതി ഉപഭോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എയർകണ്ടീഷണറുകൾ വ്യാപകമായതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ‘സെറ്റ്@26’ കാമ്പയിൻ നടത്താനൊരുങ്ങി ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററർ (ഇ.എം.സി). എ.സി ഉപയോഗിക്കുമ്പോൾ താപനില 26 ആയി സെറ്റ് ചെയ്യുന്നതിലൂടെ വൈദ്യുതി വലിയതോതിൽ ലാഭിക്കാനാവുമെന്നാണ് പ്രചാരണത്തിലൂടെ നൽകുന്ന സന്ദേശം.
സമൂഹമാധ്യമങ്ങളിലൂടെയും ഇ.എം.സി നടത്തിവരുന്ന ഊർജകിരൺ കാമ്പയിന്റെ ഭാഗമായും ‘സെറ്റ്@26’ന് പരമാവധി പ്രചാരണം നൽകാനാണ് ലക്ഷ്യമിടുന്നത്.
ആഡംബരത്തിൽനിന്ന് മാറി ആവശ്യവസ്തുവെന്ന നിലയിലേക്ക് എ.സി വ്യാപകമാവുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. എ.സിയുടെ വിൽപനയും ഉപയോഗവും വർധിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ലഭ്യമല്ല. വലിയൊരു ശതമാനം പേരും എ.സി 18 മുതൽ 23-24 വരെ താപനില സെറ്റ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
താപനില ഒരോ ഡിഗ്രി കുറച്ച് സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി ഉപഭോഗം കൂടുമെന്നാണ് കണക്ക്. എ.സി കരുതലോടെ ഉപയോഗിച്ചാൽ അത് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ പ്രതിഫലിക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഊർജാവശ്യം നിയന്ത്രിക്കുന്നതിലും സഹായകമാവുമെന്ന് എനർജി മാനേജ്മെന്റ് സെന്റർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ഉപഭോഗം കുറക്കാൻ സാധാരണ നടത്തിവരാറുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ വേനൽകാലത്ത് കൂടുതൽ സജീവമായി എനർജി മാനേജ്മെന്റ് സെന്റർ തുടരുന്നുണ്ട്.
ലൈറ്റുകളും വിവിധ വൈദ്യുതി ഉപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക, സ്റ്റാൻഡ്ബൈ മോഡിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക, എൽ.ഇ.ഡി ബൾബുകൾ പോലെയുള്ള ഊർജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക, വാഷിങ് മെഷീനുകൾ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക, ഊർജ-കാര്യക്ഷമത വെളിപ്പെടുത്തുന്ന ഉയർന്ന സ്റ്റാർ റേറ്റിങ്ങുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, ചൂടാക്കുന്നതിനും തണുപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് പ്രോഗ്രാമബിൾ തെർമോസ്റ്റാറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സുസ്ഥിരമായ ഊർജ ഭാവിക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് മാറുകയാണ് വേണ്ടതെന്ന സന്ദേശവും ഇ.എം.സി നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.