ഗവർണർക്കെതിരെ അക്കാദമിക പ്രമുഖർ
text_fieldsന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ 'ക്രിമിനൽ' എന്നുവിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്കാദമിക പ്രമുഖർ. ചരിത്രകാരനും വൈസ് ചാൻസലറുമായ ഗോപിനാഥ് രവീന്ദ്രനെ പീഡിപ്പിക്കുന്നത് ഗവർണർ ഉടനടി അവസാനിപ്പിക്കണമെന്ന് 50ഓളം പേരാണ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
ചരിത്ര-ഗവേഷണ മേഖലയിൽ പ്രമുഖരായ റൊമീല ഥാപ്പർ, പ്രഫ. കെ.എൻ പണിക്കർ, പ്രഫ. സി.പി. ചന്ദ്രശേഖർ, പ്രഫ. സോയ ഹസൻ, പ്രഫ. ഹർബൻസ് മുഖിയ, പ്രഫ. അർച്ചന പ്രസാദ്, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ചരിത്രപഠന വിഭാഗത്തിലെ പ്രഫ. സുചേത മഹാജൻ, ഡൽഹി സർവകലാശാല റിട്ട. പ്രഫസർ കേശവർ വെളുത്താറ്റ്, അലീഗഢ് സർവകലാശാല ചരിത്രവിഭാഗത്തിലെ സയ്യിദ് അലി റെസാവി, ഹൈദരാബാദ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പ്രഫ. തൻവീർ ഫസൽ, പ്രഫ. നിത്യാനന്ദ് തിവാരി, പ്രഫ. യാസർ അറഫാത്ത് തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ചാൻസലർ കൂടിയായ ഗവർണർ ഉന്നയിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. രവീന്ദ്രൻ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ചരിത്രകാരനാണ്. ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയിൽ ചരിത്ര-സാംസ്കാരിക വിഭാഗം മേധാവിയും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ മെംബർ സെക്രട്ടറിയുമായിരുന്നു.
വി.സി എന്ന നിലയിൽ കണ്ണൂർ സർവകലാശാലയെ മികച്ച രീതിയിൽ നയിച്ചു. അദ്ദേഹത്തിന്റെ പുനർനിയമനം മുമ്പ് പലവട്ടം ഗവർണർ ചോദ്യംചെയ്തിട്ടുണ്ട്. എന്നാൽ, രവീന്ദ്രനെ പദവിയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട റിട്ട് ഹരജി ഹൈകോടതി തള്ളുകയായിരുന്നു. വൈസ് ചാൻസലർക്ക് മാനഹാനിയുണ്ടാക്കുന്നവിധം രാഷ്ട്രീയപ്രേരിതമായി തെറ്റായ പരാമർശങ്ങൾ ചാൻസലറായ ഗവർണർ നടത്തുന്നത് അസ്വീകാര്യമാണ് -പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.