ശബരിമലയിലേക്ക് രണ്ട് പാതകളിലൂടെ മാത്രം പ്രവേശനാനുമതി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ട് പ്രധാന പാതകളിലൂടെ മാത്രമേ തീർഥാടകർക്ക് യാത്രാനുമതിയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വിഡിയോ കോൺഫറൻസ് വഴി ചേർന്ന ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ എന്നീ വഴികളിലൂടെയാണ് യാത്ര അനുവദിക്കുക.
തീർഥാടകർ 24 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആൻറിജൻ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനക്ക് സംവിധാനമൊരുക്കും. പൊലീസിെൻറ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ ദർശനത്തിന് അനുവദിക്കൂ. ഈ വിവരങ്ങൾ തീർഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണം.
സാധാരണ ദിവസങ്ങളിൽ ആയിരവും അവധി ദിവസങ്ങളിൽ രണ്ടായിരവും മണ്ഡല-മകരവിളക്ക് ദിവസങ്ങളിൽ അയ്യായിരവും തീർഥാടകർക്ക് പ്രവേശനാനുമതി നൽകും. ഹൈേകാടതി അനുവദിക്കുകയാണെങ്കിൽ കൂടുതൽപേർക്ക് ദർശനം നടത്താൻ സൗകര്യമൊരുക്കും.
പത്തിനും അറുപതിനുമിടയിൽ പ്രായമുള്ളവർക്കാണ് ഈ സീസണിൽ ശബരിമലയിൽ അനുമതിയുള്ളത്. 60നും 65നും ഇടയിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം. പമ്പാ നദിയിൽ സ്നാനം അനുവദിക്കില്ല. പകരം ഷവർ സംവിധാനം ഏർപ്പെടുത്തും.
പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരിവെക്കാൻ അനുമതിയില്ല. ആയുഷ്മാൻ ഭാരത് കാർഡുകളുള്ളവർ കൈയിൽ കരുതണം. പതിനഞ്ചിൽ താഴെ തീർഥാടകരുമായെത്തുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും.
തമിഴ്നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തമിഴ്നാട് അഡീ. ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന ദേവസ്വം സെക്രട്ടറി അനിൽകുമാർ, ആന്ധ്രപ്രദേശ് ദേവസ്വം സെക്രട്ടറി ശിരിജ ശങ്കർ, പുതുച്ചേരി ദേവസ്വം സെക്രട്ടറി മഹേഷ് എന്നിവർ സന്നിഹിതരായി.
പ്രസാദം ബുക്കിങ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് 16 മുതൽ വിലാസക്കാരന് തപാൽ വകുപ്പ് അയച്ചുതുടങ്ങും. വെള്ളിയാഴ്ച മുതലാണ് ബുക്കിങ് തുടങ്ങിയത്.
അരവണ, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവക്ക് 450 രൂപയാണ് നിരക്ക്. ഇതിൽ 250 രൂപ ദേവസ്വം ബോർഡിനും ബാക്കി തപാൽ വകുപ്പിനുമാണ്. ഏത് പോസ്റ്റ് ഓഫിസിൽനിന്നും ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റ് വഴിയാണ് വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.