നിർമാണം നടക്കുന്ന പാലത്തിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, കരാറുകാരനെതിരെ കേസ്
text_fieldsതൃപ്പൂണിത്തുറ: അന്ധകാരത്തോടിനു കുറുകെയുള്ള പാലം നിര്‍മാണം നടക്കുന്ന ഭാഗത്തുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു അപകടം. പാലം നിര്‍മാണം നടക്കുന്ന ഭാഗത്ത് തടസ്സങ്ങള്‍ വെക്കാത്തതിനാല്‍ ബൈക്ക് ഓടിച്ചുവരുകയായിരുന്ന യുവാക്കള്‍ മുന്നോട്ടെടുത്തതോടെ പാലത്തിന്റെ ഭിത്തിയില്‍ തട്ടി കുഴിയിലേക്ക് വീഴുകയായിരന്നു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുവാണ് (28) മരിച്ചത്.
പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എൻജിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ കരാറുകാരനെതിരെയും കേസെടുത്തു. ഐ.പി.സി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കലക്ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വിഷയത്തിൽ ചീഫ് എൻജിനീയറുടെ റിപ്പോർട്ട് തേടിയിരുന്നു.
റോഡിൽ പണി നടക്കുമ്പോൾ മുന്നറിയിപ്പ് ബോർഡ് വെക്കണം. അത് എല്ലാവർക്കും കാണാവുന്ന രീതിയിലാകണം. ഏതെങ്കിലും പൊന്തക്കാട്ടിൽ ബോർഡ് വെച്ചിട്ട് കാര്യമില്ല. ബോർഡ് സ്ഥാപിച്ചാൽ അത് അവിടെ ഉണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും പരിശോധന വേണം. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം. അതു ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ തലോടൽ നടപടി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.