സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് മുപ്പതോളം വിദ്യാർഥികൾക്ക് പരിക്ക് VIDEO
text_fieldsമഞ്ചേശ്വരം: ഉപ്പളയിൽ സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് 30 വിദ്യാർഥികൾക്ക് പരിക്ക്. ഇതിൽ അഞ്ചു കുട്ടികളുടെ നില അൽപം ഗുരുതരമായതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 2.45ഓടെ മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേള നടക്കുന്ന ബേക്കൂർ ജി.എച്ച്.എസ്.എസ്. സ്കൂളിലാണ് അപകടം നടന്നത്. നൂറോളം വിദ്യാർഥികളാണ് പന്തലിനടിയിൽപെട്ടത്. മേള നടക്കുന്നതിനിടെ പന്തൽ ഉഗ്ര ശബ്ദത്തോടെ നിലം പതിക്കുകയായിരുന്നു. തകർന്നു വീഴുന്ന ശബ്ദംകേട്ടതോടെ കുട്ടികൾനാലുപാടും ചിതറിയോടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
പന്തലിനടിയിൽപെട്ട വിദ്യാർഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിലൂടെ പുറത്ത് എടുത്തത്. പരിക്കേറ്റ കുട്ടികളളെ നാട്ടുകാർ ഓട്ടോയിലും മേളയ്ക്ക് എത്തിയ രക്ഷിതാക്കളുടെ വാഹനങ്ങളിലും പൊലിസ് സഹായത്തോടെയും മംഗൽപാടി ആശുപത്രിയിൽഎത്തിക്കുകയായിരുന്നു. പരിക്കു ഗുരുതര മുള്ളവരെയാണ് മംഗളുരുവിലേക്ക് മാറ്റിയത്. പലരുടേയും കൈകാലുകൾക്കും എല്ലുകൾക്കും പൊട്ടലുണ്ടായിട്ടുണ്ട്.
പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് ഉടൻ എത്തിയിരുന്നു. കുട്ടികളുണ്ടാക്കിയ കണ്ടുപിടിത്തങ്ങളെല്ലാം നശിച്ചു. കുട്ടികൾ കൂട്ടത്തോടെ പന്തലിനകത്തേക്ക് കയറിയപ്പോൾ ഉണ്ടായ തിക്കും തിരക്കുമാണ് പന്തൽ തകരാൻ കാരണമെന്ന് പ്രാഥമിക വിവരം. വിദ്യാഭ്യാസ വകുപ്പു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ടിൻ ഷീറ്റും മുളയും കമ്പി തൂണും ഉപയോഗിച്ചാണ് പന്തൽ നിർമ്മിച്ചത്. നിർമ്മാണത്തിലെ പിഴവാണ് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.