വാഹനാപകടം: കുറ്റപത്രത്തിൽ പറയാത്ത വീഴ്ച തെളിയിക്കാൻ സീൻ മഹസർ പര്യാപ്തമല്ല -ഹൈകോടതി
text_fieldsകൊച്ചി: ഒരു വാഹനത്തിന്റെ ഡ്രൈവറുടെ വീഴ്ചമൂലം രണ്ടു വാഹനങ്ങൾ അപകടത്തിൽപെട്ടതായി കുറ്റപത്രത്തിൽ പറയുമ്പോൾ രണ്ട് വാഹന ഡ്രൈവർമാർക്കും വീഴ്ചവന്നതായി തെളിയിക്കാൻ സീൻ മഹസർ മാത്രം മതിയാകില്ലെന്ന് ഹൈകോടതി. വാഹന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലപ്പുറം സ്വദേശി ടി.എ. അൻസാദ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.
2005 നവംബർ 27ന് താൻ ഓടിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും പരാതിക്കാരനായ തന്റെ ഭാഗത്തും വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ നഷ്ട പരിഹാരത്തുക പകുതിയാക്കി കുറച്ചെന്നുമാണ് ഹരജിയിലെ ആരോപണം. കാർ ഡ്രൈവറുടെ ഭാഗത്താണ് വീഴ്ചയെന്ന് കുറ്റപത്രത്തിലുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ഹരജിക്കാരന്‍റെ ഭാഗത്ത് വീഴ്‌ചയുള്ളതായി കുറ്റപത്രത്തിൽ പറയുന്നില്ലെങ്കിലും സീൻ മഹസറിൽ വ്യക്തമാണെന്നും അതിനാൽ അപകടത്തിന്റെ പകുതി ഉത്തരവാദിത്തം ഇയാൾക്കാണെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ കുറ്റപത്രത്തിൽ ഒരു ഡ്രൈവറുടെ ഭാഗത്ത് മാത്രമാണ് വീഴ്‌ചയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ രണ്ടാമത്തെ ഡ്രൈവർക്കും വീഴ്‌ചയുണ്ടെന്ന് തെളിയിക്കാൻ സീൻ മഹസർ മാത്രം പോരെന്നും സ്വതന്ത്രമായ മറ്റു തെളിവുകൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അത്തരം തെളിവുകളില്ലെങ്കിൽ നഷ്ടപരിഹാരക്കേസിൽ തീർപ്പുണ്ടാക്കണമെന്നും നിർദേശിച്ചു. ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കോടതി ഹരജിക്കാരന് 1.16 ലക്ഷം രൂപ പലിശ സഹിതം നൽകാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.