ആൽവിൻ തെറിച്ചുയർന്ന് റോഡിൽ തലയടിച്ചു വീണു; കാറുകൾ അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാർ, റീലല്ല റിയൽ ജീവിതമെന്നാര് പറഞ്ഞുകൊടുക്കും...
text_fieldsകോഴിക്കോട്: റീലല്ല റിയൽ ജീവിതമെന്നാര് പറഞ്ഞുകൊടുക്കും...റീലലെടുക്കുമ്പോൾ പൊലിഞ്ഞ ജീവനും പരിക്കിനും കയ്യും കണക്കുമില്ലാത്ത അവസ്ഥയായിരിക്കുന്നു. ഒടുവിൽ, കോഴിക്കോട് റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. വടകര കടമേരി സ്വദേശി ആൽവിൻ(20)ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്ത് റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുന്നിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. ഇതിനിടെ, ആൽവിൻ റോഡിന്റെ മധ്യത്തിൽനിന്നു വിഡിയോ ചിത്രീകരണം ആരംഭിച്ചു.
അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾക്ക് നിയന്ത്രണം വിട്ടെന്നു തോന്നിയ ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്കു മാറി, അപ്പോഴേക്കും ഒരു കാർ ഇടിച്ചു. തെറിച്ചുയർന്ന ആൽവിൻ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നട്ടെല്ലിന് പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആൽവിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം, സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആൽവിനെ ഇടിച്ചത് ബെൻസ് കാറാണെന്നാണ് എം.വി.ഡിയുടെ കണ്ടെത്തൽ. രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും.
ബീച്ച് റോഡിൽ വാഹനങ്ങൾ അപകടകരമായി ഓടിച്ചു റീൽസ് എടുക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി റീൽസ് എടുക്കുകയാണ്. വാഹനങ്ങൾ അതിവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലും മറ്റും ഓടിച്ചാണു റീൽസ് എടുക്കുന്നത്. അതിനിടയിൽ ആളുകൾ നടന്നു പോകുന്നതും മറ്റു വാഹനങ്ങൾ പോകുന്നതും ഒന്നും ശ്രദ്ധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രഭാത സവാരിക്കു ബീച്ചിലെത്തുന്നവർ ഭയന്നാണു നടക്കുക. അപകടസമയത്ത് രണ്ടു കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അതിനിടെ, അപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നു.
ആദ്യം പൊലീസ് പറഞ്ഞ കാർ നമ്പർ അപകടം വരുത്തിയ മത്സര ഓട്ടത്തിൽ പങ്കെടുത്ത രണ്ടു കാറുകളുടേതും അല്ലായിരുവെന്നാണ് ആക്ഷേപം. പിന്നീട് രണ്ടു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഇന്ന് നടപടി സ്വീകരിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ആൽവിന്റെ സംസ്കാരം നടക്കും. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.