മോഡലുകളുടെ അപകടമരണം: സി.സി.ടി.വിയുടെ ഡി.വി.ആറിനായി തെരച്ചിൽ തുടരുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ
text_fieldsകൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോസ്റ്റ്ഗാർഡിന്റെ കൂടി സഹായത്തോടെ തെരച്ചിൽ തുടരും. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വി.ആർ കായലിലെറിഞ്ഞ് ഹോട്ടലുടമ മൊഴി നൽകിയിരുന്നു. അതേസമയം, ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. കേസിലെ എല്ലാ പ്രതികളേയും വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിൽനിന്ന് കാണാതായ ഡി.വി.ആറിനായി കായലിൽ നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ഇടക്കൊച്ചി കണ്ണങ്കാട്ട്-വില്ലിങ്ടൺ ഐലൻഡ് പാലത്തിന് താഴെ വേമ്പനാട് കായലിലാണ് ഫയർഫോഴ്സിെൻറ മൂന്നംഗ സ്കൂബ ൈഡവിങ് സംഘം മുങ്ങിത്തപ്പിയത്.
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് നവംബർ ഒന്നിന് പുലർച്ച ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുംവഴിയാണ് മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്നത്. ഇതിന് ശേഷം ഹോട്ടലിലെ സി.സി ടി.വി കാമറകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് ഡി.വി.ആറുകളിൽ ഒന്ന് കാണാതായിരുന്നു.
ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട് രണ്ടാമത്തെ ഡി.വി.ആറിനെ പറ്റി ഒന്നും പൊലീസിനോട് പറഞ്ഞില്ലെങ്കിലും ജീവനക്കാരിൽ രണ്ടുപേർ അത് കായലിൽ എറിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്. കായലിൽ അഞ്ചടി വരെ ചളി അടിഞ്ഞുകിടക്കുകയാണെന്ന് സ്കൂബ ഡൈവിങ് സംഘം അറിയിച്ചു. മെറ്റൽ ഡിറ്റക്ടർ പോലും ഇല്ലാതെ തിരച്ചിൽ നടത്തിയിട്ട് ഫലമില്ലെന്നും അവർ പറഞ്ഞു. കലങ്ങിയൊഴുകുന്ന കായലിൽ ടോർച്ച് തെളിച്ചാണ് മുങ്ങിത്തപ്പിയത്. പാർട്ടി നടന്ന ഹോട്ടലിൽനിന്ന് പത്തര കിലോമീറ്ററാണ് ഈ പാലത്തിലേക്ക്. വില്ലിങ്ടൺ ഐലൻഡിൽനിന്ന് പാലം കണ്ണങ്ങാട്ട് റോഡിലേക്ക് ഇറങ്ങുന്നിടത്താണ് ഹോട്ടലുടമ റോയിയുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.