പ്രഭാത സവാരിക്കിടെ അപകടമരണങ്ങൾ വർധിക്കുന്നു
text_fieldsകണ്ണൂർ: പ്രഭാത സവാരിക്കിടെ വാഹനമിടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. തിരക്കൊഴിഞ്ഞ റോഡിൽ വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതുമാണ് അപകടങ്ങൾക്ക് കാരണം. പ്രഭാതസവാരിക്കാർ അശ്രദ്ധമായി റോഡിലൂടെ നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ലോക്ഡൗണിന് ശേഷം നിരത്തുകളും നടത്തക്കാരും സജീവമായതിന് ശേഷം നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പലരും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ച അഞ്ചിനാണ് മുഴപ്പിലങ്ങാട് സ്വദേശി പി.പി. ചന്ദ്രൻ കുളം ബസാറിലെ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപം കാറിടിച്ച് മരിച്ചത്. അപകടത്തിൽ കല്ലുമ്മക്കായ് വിൽപനക്കാരൻ നൗഫലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അമിതവേഗത്തിലെത്തിയ കാർ റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 28ന് പതിവ് പ്രഭാത നടത്തത്തിനിടെയാണ് മയ്യിൽ സ്വദേശിയും റിട്ട. അധ്യാപകനുമായ യു. ബാലകൃഷ്ണൻ മാസ്റ്റർക്ക് ജീവൻ നഷ്ടമായത്. പുലർച്ച അഞ്ചിന് മയ്യിൽ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വന്ന കാർ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി. മൂന്നുവർഷം മുമ്പ് പ്രഭാത സവാരിക്കിടെ ചക്കരക്കല്ലിൽ രണ്ട് സ്ത്രീകളാണ് കാറിടിച്ച് മരിച്ചത്. മട്ടന്നൂർ, ചക്കരക്കല്ല് ഭാഗങ്ങളിൽ ടിപ്പർ ലോറിയും അപകടത്തിനിടയാക്കിയിരുന്നു. അമിതവേഗത്തിലെത്തുന്ന ചെങ്കൽലോറികളും അപകടത്തിനിടയാക്കുന്നതായി പരാതിയുണ്ട്.
ദീർഘയാത്ര ചെയ്തു വരുന്നവർ ഉറങ്ങിപ്പോകുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് പറയുന്നു. ഇരുട്ടിൽ ആളുകളെ മുന്നിൽ കാണുേമ്പാൾ പെട്ടെന്ന് നിർത്താൻ ശ്രമിക്കുേമ്പാൾ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടാകുന്ന അപകടങ്ങളും നിരവധി. വളവുകളിലാണ് അപകടമേറെയും. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ റോഡിലൂടെ കൂട്ടമായി നടക്കുകയാണെന്ന പരാതിയും ഡ്രൈവർമാർക്കുണ്ട്.
പുലർെച്ച വാഹനങ്ങൾ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പലരും റോഡ് നിറഞ്ഞുനടക്കുന്നത്. നടപ്പാതയുണ്ടെങ്കിലും കൂടുതൽ സൗകര്യത്തിനായി റോഡിലേക്കിറങ്ങിയാണ് പലരുടെയും നടത്തം. പുലർച്ചെ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്താതെ പോകുന്ന പരാതികളും പൊലീസിന് ലഭിക്കാറുണ്ട്. പല വാഹനങ്ങളും നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പിടികൂടുന്നത്. വലിയ വാഹനങ്ങൾ റോഡിലെ ഡിവൈഡറുകളും സൂചന ബോർഡുകളും തകർത്ത് പോകുന്നതും പതിവാണ്. രാവിലെ വാഹനങ്ങൾ കുറവായതിനാൽ ഡ്രൈവിങ് പരിശീലനത്തിന് ഇറങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.
പ്രഭാത സവാരിക്കിടെ ഇടിച്ച വാഹനം നിർത്താതെ പോകുേമ്പാൾ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ വൈകുന്നതാണ് പലരുടെയും മരണത്തിന് കാരണം. ചെറിയ പരിക്കുകൾ ഉള്ളവർ പോലും ചോരവാർന്ന് മരിക്കുന്ന സാഹചര്യമുണ്ടാകുന്നു.
''പ്രഭാത നടത്തത്തിനിടെ അപകടങ്ങൾ പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാവിലെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കും. ഈ സമയങ്ങളിൽ വാഹനപരിശോധന കർശനമാക്കും. രാത്രി അപകടമുണ്ടാക്കുംവിധം റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങളും കാൽനടക്കാർക്ക് ഭീഷണിയാണ്. തിരക്കുള്ള റോഡുകൾ പ്രഭാതസവാരിക്ക് ഒഴിവാക്കുന്നതാണ് നല്ലത്. നടപ്പാതയും സൗകര്യവുമുള്ള റോഡുകൾ നടക്കാനായി തെരഞ്ഞെടുക്കാം. '' -ആർ. ഇളങ്കോ (കണ്ണൂർ സിറ്റി പൊലീസ് കമീഷണർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.