ജോസഫ് കുര്യൻ കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടത് ആദിവാസികൾ നികുതി അടക്കുന്ന ഭൂമിയെന്ന് രേഖകൾ
text_fieldsകോഴിക്കോട് : ജോസഫ് കുര്യൻ കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടത് അട്ടപ്പാടിയിലെ വരംഗംപാടിയിൽ ആദിവാസികൾ നികുതി അടക്കുന്ന ഭൂമിയെന്ന് വില്ലേജ് രേഖകൾ. ഷോളയൂർ വില്ലേജ് ഓഫീസിൽ 2023ലും മൂന്നര ഏക്കർ ഭൂമിക്ക് നികുതി അടച്ചതിന്റെ രസീത് ചന്ദ്രമോഹൻ മാധ്യമം ഓൺലൈനിലേക്ക് അയച്ചുതന്നു. 1179 രൂപ നികുതി അടച്ചുവെന്നാണ് രസീത്.
അഹാഡ്‌സ് പദ്ധതി അട്ടപ്പാടിയിൽ നടപ്പാക്കിയ കാലത്ത് ഭൂമിയുടെ രേഖകൾ ഹാജരാക്കിയാണ് വീട് നിർമിക്കുന്നതിന് അനുമതി ലഭിച്ചത്. ഇപ്പോൾ ചന്ദ്രമോഹനും കുടുംബവും താമസിക്കുന്നത് അഹാർഡ് പദ്ധതിയിൽ നിർമിച്ച വീട്ടിലാണ്.
അതുപോലെ ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ചന്ദ്രമോഹന്റെ സഹോദരിമാർ രണ്ടുപേരും വീടിന് അപേക്ഷ നൽകി. രണ്ടുപേർക്കും ലൈഫിൽ സർക്കാർ വീട് അനുവദിച്ചു. അവരും വീടിന് അപേക്ഷ നൽകിയപ്പോൾ ഭൂനികുതി അടച്ച രേകകൾ ഹാജരാക്കിയിരുന്നു. ഇരു വീടുകളുടെയും നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായിട്ടില്ല.
അതിനിടയിലാണ് ഭൂമിയിൽ നിന്ന് വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കുര്യൻ രംഗത്ത് എത്തിയത്. കുര്യന്റെ കൈയിൽ ഭൂമിയുടെ ആധാരത്തിന്റെ പകർപ്പുണ്ടെന്നാണ് അവകാശപ്പെട്ടത്. അച്ഛൻ നാരായണനെ ആധാരം കാണിച്ചുവെന്നാണ് ചന്ദ്രമോഹൻ പറയുന്നത്. മുഖ്യമന്ത്രിക്കും കലക്ടർക്കും നൽകിയ പരാതിയെ തുടർന്ന് ഷോളയൂർ വില്ലേജ് ഓഫിസർ ഇന്ന് സ്ഥല പരിശോധനക്ക് എത്തുമെന്ന് ചന്ദ്രമോഹനെ അറിയിച്ചു.
മത്തച്ഛനായ രങ്കൻ ആർക്കും ഭൂമി വിറ്റിട്ടില്ല. 12 ഏക്കറോളം ഇപ്പോഴും രങ്കന്റെ അവകാശകിളായി ചന്ദ്രമോഹന്റെയും രണ്ട് സഹോദരിമാരുടെയും കൈവശമാണ്. ഇതിൽ ഏഴര ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട് ടി.എൽ.എ കേസ് നിലവിലുണ്ടെന്നും ചന്ദ്രമോഹൻ പറഞ്ഞു. ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയ നിരപ്പത്ത് ജോസഫ് കുര്യനാണ് വരംഗംപാടിയിലും ഭൂമി കൈയേറ്റത്തിന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.