രോഗികൾ 45, ഡി വിഭാഗത്തിൽ; 136 രോഗികൾ ഉള്ളിടത്ത് 'ബി'യിലും
text_fieldsകാസർകോട്: കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) അടിസ്ഥാനമാക്കി ലോക്ഡൗൺ നിശ്ചയിക്കൽ കോടതി കയറുേമ്പാഴും അശാസ്ത്രീയത തുടരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ പ്രബാല്യത്തിൽവന്ന പുതിയ ലോക്ഡൗൺ പട്ടികയിലും അപാകതകളേറെ. തദ്ദേശസ്ഥാപനത്തിൽ ആകെയുള്ള രോഗികളുടെ എണ്ണം വളരെ കുറവാണെങ്കിലും ടി.പി.ആർ മാത്രം കണക്കാക്കിയാണ് ലോക്ഡൗൺ നിശ്ചയിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാസർകോട് ജില്ലയിൽ കാറഡ്ക്ക പഞ്ചായത്തിൽ പുതിയ പട്ടിക നിലവിൽവന്ന ബുധനാഴ്ച വരെ ആകെയുള്ളത് 45 കോവിഡ് രോഗികളാണ്. 239 പരിശോധനകൾ നടത്തിയതിെൻറ അടിസ്ഥാനത്തിൽ ടി.പി.ആർ 18.83 ശതമാനം. അതിനാൽ ഡി വിഭാഗത്തിലാണ് പ്രദേശം. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിനു സമാനമായ നിയന്ത്രണത്തിലാണിവിടം. 2011ലെ സെൻസസ് പ്രകാരം 21,211 ആണ് കാറഡ്ക്ക പഞ്ചായത്തിലെ ജനസംഖ്യ.
136 രോഗികളുള്ള ഉദുമ പഞ്ചായത്ത് ബി. വിഭാഗത്തിലാണ്. 8.15 ശതമാണ് ടി.പി.ആർ. 1669 പരിശോധനകൾ നടത്തിയതിെൻറ പേരിലാണ് ഈ ടി.പി.ആർ. 37,537 ആണ് ഉദുമയിലെ ജനസംഖ്യ.
കാസർകോട് ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങളിലും ഇത്തരം അശാസ്ത്രീയത പ്രകടമാണ്. 98 രോഗികളുള്ള ദേലംപാടി പഞ്ചായത്ത് ഡി വിഭാഗത്തിലാണ്. 16.28 ശതമാനമാണ് ടി.പി.ആർ. 269 രോഗികളുള്ള കാഞ്ഞങ്ങാട്, 252 രോഗികളുള്ള ചെമ്മനാട്, 212 രോഗികളുള്ള കിനാലൂർ കരിന്തളം തുടങ്ങിയ സ്ഥലങ്ങൾ സി വിഭാഗത്തിലാണ്. 127 രോഗികളുള്ള ബളാൽ ബിയിലും 32 രോഗികളുള്ള പുത്തിഗെ സിയിലുമാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ മൊത്തം രോഗികൾ എന്നതിനേക്കാളുപരി എത്രപേർ പരിശോധനക്കുവരുന്നു എന്നത് മാത്രം കണക്കാക്കുന്നതാണ് പ്രശ്നം. തദ്ദേശ സ്ഥാപനങ്ങളിലെ ദൈനംദിന ടി.പി.ആർ അതിലേറെ തമാശയാണ്. വോർക്കാടി പഞ്ചായത്തിൽ ഒരാളെ പരിശോധിച്ചപ്പോൾ അത് പോസിറ്റിവാകുകയും ചെയ്തപ്പോൾ ടി.പി.ആർ നൂറുശതമാനമായത് നേരത്തേ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മീഞ്ചയിൽ കഴിഞ്ഞദിവസം രണ്ടുപേരെ പരിശോധിച്ച് ഒരാൾ പോസിറ്റിവ് ആയപ്പോൾ 50ശതമാനമായിരുന്നു ടി.പി.ആർ. ടി.പി.ആറിലെ ഈ അശാസ്ത്രീയത തിരുത്താൻ കോവിഡ് വിദഗ്ധസമിതി സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും ഒന്നും നടപ്പായില്ല. ഇത് ചോദ്യം ചെയ്താണ് വ്യാപാരികൾ കോടതിയെയും സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.