അക്കൗണ്ട് വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക്: പൊലീസിനുള്ളിൽ പ്രതിഷേധം; ആശങ്ക അടിസ്ഥാനമില്ലാത്തതെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളവിതരണ അക്കൗണ്ടും മറ്റു വിവരങ്ങളും സ്വകാര്യ ഏജൻസികൾക്ക് നൽകിയതിൽ സേനക്കുള്ളിൽ പ്രതിഷേധം. എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്നാണ് വിവരം കൈമാറിയത്. നേരേത്ത ജീവനക്കാരുടെ ശമ്പളബില്ലിൽ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാൻഷ്യൽ കോഡിലെ വ്യവസ്ഥ പ്രകാരമേ ആകാവൂ എന്ന് ധനവകുപ്പ് നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വെല്‍ഫെയര്‍ ഫണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ്, വെല്‍ഫെയല്‍ ഫണ്ട് പോലുള്ള തിരിച്ചടവുകള്‍ എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇതിനായി ഉദ്യോഗസ്ഥരുടെ വിവരങ്ങളും സ്വകാര്യ ബാങ്കിന് നല്കാൻ ജനുവരി 27ന് എല്ലാ പൊലീസുകാർക്കും അറിയിപ്പ് നല്കി. മൊബൈലില്‍ ലഭിക്കുന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. എച്ച്.എഡി.എഫ്.സി ബാങ്ക് ഇതിനായി കരാര്‍ നല്‍കിയത് ഡൽഹിയിലെ ഏജൻസിക്കാണ്. ഏജൻസിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അക്കൗണ്ട് വിവരങ്ങളും സർവിസ് വിവരങ്ങളും ആവശ്യപ്പെട്ടുള്ള സന്ദേശം എത്തിയതോടെയാണ് ഇൗ വിവരം പുറത്തായത്.
സൈബർ സുരക്ഷയുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുെവക്കരുതെന്ന കര്‍ശന നിർദേശം നല്കുന്ന പൊലീസ് വകുപ്പ് തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ എ.ടി.എം കാര്‍ഡ് നമ്പറും കാലാവധി തീരുന്ന തീയതി ഉള്‍പ്പെടെ വിശദവിവരങ്ങളും സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വിരോധാഭാസമാണെന്നും സർവിസ് വിവരങ്ങളും അധാർ നമ്പറും മൊബൈൽ ഫോൺ നമ്പറുമടക്കമുള്ളവ നൽകുന്നത് ഭാവിയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് പൊലീസുകാരുടെ പരാതി.
പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന പൊലീസ് മേധാവി രംഗത്തെത്തി. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത ഒരു റിക്കവറിയും നടത്താൻ പാടില്ലെന്നും ധനകാര്യവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബദൽ സംവിധാനം ഒരുക്കുന്നതിന് ദേശസാത്കൃതബാങ്കുകളെ സമീപിച്ചെങ്കിലും ജീവനക്കാരിൽ നിന്ന് ഒരു രൂപ പോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമാണ് ഉറപ്പുനൽകിയത്.
അതേസമയം, പുതിയ സംവിധാനം വഴി അക്കൗണ്ട് വിവരങ്ങൾ ചോരുന്നുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.