അക്കൗണ്ട് ജനറൽ റിപ്പോർട്ട്; ട്രഷറി അക്കൗണ്ടുകളിൽ താളപ്പിഴവുകൾ
text_fieldsതിരുവനന്തപുരം: അപൂർണമായ അക്കൗണ്ട് വിവരങ്ങളും നിഷ്ക്രിയ അക്കൗണ്ടുകളുമടക്കം സംസ്ഥാനത്തെ ട്രഷറികളിൽ നിരവധി താളപ്പിഴവുകളെന്ന് അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ട്. ആധാർ നിർബന്ധമാണെന്നിരിക്കെ 400ൽ ഏറെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ആധാർ നമ്പർ ഉൾപ്പെടുത്തിയിട്ടില്ല. ആധാർ നമ്പർ നൽകേണ്ട ഭാഗത്ത് ‘‘9999-9999-9999’’ എന്ന് നൽകിയാണ് ഇത്രയേറെ അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമാണെന്നാണ് 2023-24 കാലയളവിലെ ട്രഷറികൾ സംബന്ധിച്ച് എ.ജി റിപ്പോർട്ട് അടിവരയിടുന്നത്.
സേവിങ് ബാങ്ക് അക്കൗണ്ടുകൾ നൽകുന്നത് ഉപഭോക്താവിന്റെ കസ്റ്റമർ വിവരങ്ങൾ പ്രകാരമുള്ള ഏഴ് അക്ക കസ്റ്റമർ ഐഡി അടിസ്ഥാനപ്പെടുത്തിയാണ്. ഫോട്ടോ, ആധാർ, പാൻ, ജനനത്തിയതി, അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് കസ്റ്റമർ ഐഡിക്കായി വേണ്ടത്. കസ്റ്റർ ഐഡി ഉപയോഗിച്ച് അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. ഇവ പലതും പാലിച്ചിട്ടില്ലെന്നാണ് എ.ജിയുടെ മറ്റൊരു കണ്ടെത്തൽ.
നിരവധി കസ്റ്റമർ ഐഡികൾക്ക് കെ.വൈ.സി വിവരങ്ങളേയില്ല. ഒരേ കെ.വൈ.സി രേഖകളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം കസ്റ്റമർ ഐഡികൾ നൽകി. ഒരു കസ്റ്റമർ ഐഡി ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചില ട്രഷറികളിൽ രണ്ട് ഉപഭോക്താക്കൾക്ക് ഒരേ ആധാറും കണ്ടെത്തി. സംസ്ഥാനത്തെ ട്രഷറി ഡേറ്റ പരിശോധിച്ചതിൽ പല അക്കൗണ്ടുകൾക്കും ഓരേ കെ.വൈ.സി വിവരങ്ങളായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ ആധാറും പാൻനമ്പറും കൃത്യമായി നൽകുന്നതിന് പകരം ‘99’, ‘00’ ‘‘0000’’ ‘‘NIL’’ എന്നിങ്ങനെ നൽകിയതാണ് ഇതിനു കാരണം.
അഞ്ചു വർഷത്തിൽ കൂടുതലായി ഇടപാടുകൾ നടക്കാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ടുകളെ നിഷ്ക്രിയ അക്കൗണ്ടുകളായാണ് പരിഗണിക്കുന്നത്. ഇത്തരം അക്കൗണ്ടുകൾക്ക് പലിശ നൽകാൻ പാടില്ലെന്നും ഈ അക്കൗണ്ടിലെ തുക റവന്യൂ നിക്ഷേപത്തിലേക്ക് മാറ്റണമെന്നുമാണ് ട്രഷറി സേവിങ്സ് റൂൾ. എന്നാൽ, പരിശോധനയിൽ ഇത്തരത്തിൽ അഞ്ച് വർഷത്തിൽ അധികമായി നിഷ്ക്രിയമായി തുടരുന്ന 1020 അക്കൗണ്ടുകളുണ്ടായിട്ടും റവന്യൂ നിക്ഷേപത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് കണ്ടെത്തി. 72 ട്രഷറികളിലായി 233.96 ലക്ഷം രൂപയാണ് ഈ 1020 അക്കൗണ്ടുകളിലായി നിക്ഷ്ക്രിയമായി തുടരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കൊടുങ്ങല്ലൂർ സബ് ട്രഷറിയിലാണ്, 27 അക്കൗണ്ടുകളിലായി 27.44 ലക്ഷം രൂപ. രണ്ടാമത് വൈക്കത്താണ്, 46 അക്കൗണ്ടുകളിലായി 17.33 ലക്ഷമാണ് ഇവിടെയുള്ളത്. കടുത്തുരുത്തിയിൽ 12.97 ലക്ഷം രൂപയും. 26 അക്കൗണ്ടുകളിലായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.