കണക്ക് നോക്കലും ശമ്പളം കൊടുക്കലും മന്ത്രിയുടെ പണിയല്ല -ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: വരവ് ചെലവ് കണക്ക് നോക്കലും ശമ്പളം കൊടുക്കലുമൊന്നും മന്ത്രിയുടെ പണിയല്ലെന്നും അതിനാണ് മാനേജ്മെന്റിനെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു. തന്‍റെയോ വകുപ്പിന്‍റെയോ സർക്കാറിന്‍റെയോ പിടിപ്പുകേടുകൊണ്ടല്ല ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടായത്.
സർക്കാറിന് എല്ലാക്കാലത്തും കെ.എസ്.ആർ.ടി.സിയിലെ ശമ്പളത്തിന് വേണ്ട മുഴുവൻ തുകയും നൽകാനാകില്ല. ഇത് താൻ പറഞ്ഞപ്പോൾ ചിലരൊക്കെ തെറ്റിദ്ധരിച്ചു. ധനമന്ത്രി ഇക്കാര്യം പറഞ്ഞതോടെയാണ് ആന്‍റണി രാജുവിന്‍റെയല്ല, സർക്കാറിന്‍റെ നിലപാടാണെന്ന് ആളുകൾക്ക് ബോധ്യപ്പെട്ടത്.
പ്രതിമാസ വരുമാനമായ 152 കോടി രൂപയിൽ 90 കോടിയോളം ഡീസലിന് ചെലവാകും. 30 കോടി കൺസോർട്യം വായ്പ തിരിച്ചടവിന് വേണം. ശമ്പളം ആദ്യം കൊടുത്തിട്ട് ഡീസൽ മുടങ്ങിയാൽ പിന്നെ വണ്ടി എങ്ങനെ ഓടുമെന്നാണ് മാനേജ്മെന്റ് ചോദിക്കുന്നത്. ഇതൊക്കെ മാനേജ്മെന്റുമായി യൂനിയനുകൾ ചർച്ച ചെയ്ത് പരിഹരിച്ചോട്ടെ.
സമരത്തിന് എതിരാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. ന്യായമായ ആവശ്യങ്ങൾക്കായി സമരങ്ങളും സത്യഗ്രഹങ്ങളും പോരാട്ടങ്ങളും നടത്തേണ്ടിവരും. അംഗീകൃത സംഘടനകളിൽ സി.ഐ.ടി.യു പണിമുടക്കിയിട്ടില്ല. ഐ.എൻ.ടി.യു.സിയും ബി.എം.എസുമാണ് പണിമുടക്കിയത്. അതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.